കള്ളനോട്ടുകള്‍ മധുരയില്‍ നിന്ന്; വണ്ടിപ്പെരിയാറില്‍ പിടിയിലായ ദമ്പതികള്‍ റിമാന്‍ഡില്‍മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: നെടുംകണ്ടം തുണ്ടിയില്‍ ദീപു എന്നു വിളിക്കുന്ന ജോജോ ജോസഫ് (30), ഭാര്യ അനുപമ (23) എന്നിവര്‍ പിടിയിലായ സംഭവത്തില്‍ കള്ളനോട്ടുകള്‍ ലഭിച്ചത് മധുരയില്‍ നിന്നെന്നു സൂചന. നാലരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. ജോജോയെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. ഇവരുടെ ആറു മാസം മാത്രം പ്രായമുള്ള കൈ കുഞ്ഞിന് ഹെര്‍ണിയയുടെ ഓപ്പറേഷന്‍ കഴിഞ്ഞു ചികില്‍സയിലായതിനാല്‍ ഇന്നലെ 10 മണിക്ക് കോടതിയില്‍ ആവശ്യമായ ആശുപത്രി രേഖകള്‍ സഹിതം എത്തണമെന്ന വ്യവസ്ഥയില്‍ താല്‍ക്കാലികമായ ജാമ്യത്തില്‍ അനുപമയെ കഴിഞ്ഞ ദിവസം മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു.എന്നാല്‍, ബുധനാഴ്ച രാവിലെ അനുപമ കോടതിയില്‍ ആശുപത്രി രേഖകളുമായി എത്തിയെങ്കിലും ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിന് പ്രതികൂലമായി ബാധിക്കുമെന്ന് പോലിസ് കോടതിയെ ധരിപ്പിച്ചതോടെ ഇവരെയും കോടതി റിമാന്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമാണ്  കള്ളനോട്ട് ലഭിച്ചതെന്നാണ് പ്രതികള്‍ പോലിസില്‍ മൊഴി നല്‍കിയത്. നാലു ലക്ഷം രൂപയുടെ ഒറിജിനല്‍ നോട്ടുകള്‍ മധുര സ്വദേശിയായ ഒരാള്‍ക്ക് നല്‍കി പകരം എട്ട് ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ ലഭിച്ചു. ഇതില്‍ ഓരോ ലക്ഷം രൂപ വീതം വ്യാജ നോട്ടുകള്‍ എറണാകുളത്തെ മൂന്നു സുഹൃത്തുക്കള്‍ക്ക് കൈമാറിയതായും ജോജോ മൊഴി നല്‍കിയിട്ടുണ്ട്.ബാക്കി വരുന്ന അഞ്ചു ലക്ഷം രൂപയില്‍ 38,500 ഇവരുടെ ഇന്നോവ കാറില്‍ നിന്നും 4 ലക്ഷത്തി ഏഴായിരം രൂപ എറണാകുളത്തെ ഫഌറ്റില്‍ നിന്നുമാണ് കണ്ടെടുത്തത്. ബാക്കി വരുന്ന തുക ചെറിയ സംഖ്യകളാക്കി ചെലവഴിച്ചതായാണ് മൊഴിയില്‍ പറയുന്നത്. ജോജോ തമിഴ്‌നാട്ടില്‍ രായപ്പന്‍പ്പെട്ടിയില്‍ കന്നുകാലി ഫാമിന്റെ കൂട്ടുകച്ചവടം നടത്തി.ഇതില്‍ പങ്കുകാരില്‍ ഒരാള്‍ പണവുമായി മുങ്ങിയതോടെ ബാധ്യത മുഴുവനും ജോജോയുടെ തലയിലായി.അധിക ബാധ്യത പരിഹരിക്കുന്നതിനാണ് മധുര സ്വദേശിയില്‍ നിന്നും വ്യാജ നോട്ടുകള്‍ സംഘടിപ്പിച്ച് കേരളത്തിലേക്ക് കടന്നത്. എന്നാല്‍ അന്തര്‍ സംസ്ഥാന വ്യാജ നോട്ട് സംഘത്തിലെ  അംഗങ്ങളാണ് ദമ്പതികളെന്നാണ് പോലിസ് കരുതുന്നത്. പ്രതികള്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് മധുര സ്വദേശിക്കെതിരെയും എറണാകുളം സ്വദേശികളായ മൂന്നു പേര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരെ പിടികൂടിയാല്‍ മാത്രമെ കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് കണ്ടെത്താന്‍ കഴിയു.പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകളും സോഷ്യല്‍ മീഡിയ ബന്ധങ്ങളും പോലിസ് പരിശോധിച്ചു വരികയാണ്. കേസ് ദേശിയ അന്വേഷണ എജന്‍സി (എന്‍. ഐ.എ) ഏറ്റെടുക്കാനുള്ള സാധ്യതയും പോലിസ് തള്ളിക്കളയുന്നില്ല.

RELATED STORIES

Share it
Top