കള്ളക്കേസ് ചുമത്തുന്നു: ബിജെപി ദലിത് എംപി

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയ സുപ്രിംകോടതി ഉത്തരവിനെതിരേ രാജ്യവ്യാപകമായി ബന്ദ് നടത്തി പ്രതിഷേധിച്ച ദലിതര്‍ക്കെതിരേ കള്ളക്കേസ് ചുമത്തുകയാണെന്നു ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഉദിത്‌രാജ്. ഇക്കാര്യം ബിജെപിയും കേന്ദ്രസര്‍ക്കാരും അടിയന്തരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ രണ്ടിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത ദലിതുകളെ ഭരണകൂടവും പോലിസും ഇപ്പോഴും വേട്ടയാടുകയാണ്. ഇത് ആശങ്കാജനകമാണ്. ദലിതുകള്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം താല്‍പര്യത്തിനു വേണ്ടി ദലിതരുടെ വിഷയത്തില്‍ മൗനംപാലിക്കുന്ന ദലിത് നേതാക്കളെയും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെയല്ല താന്‍. ഇക്കാര്യം യഥാസമയത്ത് പാര്‍ട്ടിയെ അറിയിച്ചില്ലെങ്കില്‍ താനൊരു സ്വാര്‍ഥനാണെന്ന് ആളുകള്‍ പറയും. താന്‍ അത്തരമൊരു ദലിത് നേതാവല്ലെന്നും ഉദിത്‌രാജ് പറഞ്ഞു. ദലിതുകള്‍ ദേഷ്യത്തിലാണെന്നു താന്‍ രണ്ടര വര്‍ഷം മുമ്പു തന്നെ പറഞ്ഞിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ തന്നെ വിളിച്ചു പരാതി പറഞ്ഞുവെന്നും ഉദിത്‌രാജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭാരത്ബന്ദിന്റെ വിജയത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ ദലിതരെ ഭയക്കുന്നുണ്ടെന്നു ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. ബന്ദ് വന്‍ വിജയമായതോടെ, ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ അധികൃതര്‍ ദലിതുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ്. നിരവധി ദലിതരും അവരുടെ കുടുംബാംഗങ്ങളും അറസ്റ്റിലാണെന്നും മായാവതി പറഞ്ഞു. ആത്മാഭിമാനമുള്ള ഒരു ദലിതനും ബിജെപിയുടെ പാര്‍ലമെന്റംഗമായി തുടരില്ലെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top