കള്ളക്കടത്ത് വര്‍ധിക്കുന്നു; നിസ്സഹായരായി ഉദ്യോഗസ്ഥര്‍

വാളയാര്‍: സംസ്ഥാന അതിര്‍ത്തി കടന്ന് പാലക്കാട് ജില്ല വഴി ് സ്വര്‍ണവും ലഹരി വസ്തുക്കളുമുള്‍പ്പടെയുള്ളയുടെ കള്ളക്കടത്ത് സജീവം. എക്‌സൈസും പോലിസും അനുദിനം പരിശോധനകള്‍ ശക്തമാക്കുന്നുണ്ടെങ്കിലും ഇവരെയൊക്കെ നിസ്സഹയമാക്കുന്ന തരത്തിലാണ് കള്ളക്കടത്തു തുടരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കാട് ജില്ലയില്‍ മാത്രം പിടിച്ച കഞ്ചാവ് കേസുകളുടെ എണ്ണം വകുപ്പധികൃതരെ ആശങ്കപ്പെടുത്തുന്നു.
ട്രെയിനിലും മറ്റുമായി 500ഗ്രാം മുതല്‍ 25 കിലോ വരെയാണ് കഞ്ചാവ് കടത്തുന്നത്. പിടിക്കപ്പെടുന്നവരില്‍ കൂടുതലും തെക്കന്‍ ജില്ലക്കാരായ യുവാക്കളും വിദ്യാര്‍ഥികളുമാണ്. ട്രെയിന്‍ വഴിയും സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ വഴിയുമാണ് കഞ്ചാവ് കടത്തുന്നത്. ആഡംബര കാറുകള്‍ വഴിയാണ് സ്പിരിറ്റുള്‍പ്പടെയുള്ള കള്ളക്കടത്ത് നടക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 1 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ മാത്രം എക്‌സൈസ് വകുപ്പ് 791 അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. 804 പേരെ അറസ്റ്റ് ചെയ്തു. ഇതിനുപുറമെ പോലിസും റെയില്‍വേ സംരക്ഷണ സേനയും പിടികൂടിയതും കണക്കിലെടുത്താല്‍ കേസുകള്‍ ഇനിയും വര്‍ധിക്കും. പിടികൂടിയ കേസുകളില്‍ എക്‌സൈസാണ് ഒന്നാം സ്ഥാനത്തെങ്കിലും പരിമിതികളുടെ കാര്യത്തിലും അവര്‍ തന്നെയാണ് മുന്നില്‍.
സംസ്ഥാനാതിര്‍ത്തിയില്‍ വാളയാര്‍ മുതല്‍ ചെമ്മണാംപതിവരെയും ആനക്കട്ടിയിലുള്ള 9 ചെക്ക് പോസ്റ്റുകളിലൂടെയുമായി കേരളത്തിലേക്ക് അനുദിനം ലഹരിക്കടത്ത് വര്‍ധിച്ചിട്ടും വേണ്ടത്ര ജീവനക്കാരും ആയുധങ്ങളുമില്ലാതെ എക്‌സൈസ് വകുപ്പ് ജീവനക്കാര്‍ ഓടിത്തളരുന്നത് പരിതാപകരമാണ്. കുറ്റവാളികളെ പിടിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങള്‍ കുറക്കാനുള്ള ബോധവല്‍കരണ പരിപാടിയും ഏറ്റെടുത്തതോടെ ജില്ലയിലെ 520 അംഗ എക്‌സൈസ് സേനയുടെ ജോലിഭാരം ഇരട്ടിച്ചു. വര്‍ഷങ്ങളായി എക്‌സൈസ് ജീവനക്കാര്‍ക്ക് മതിയായ ഓഫീസ് സൗകര്യങ്ങളോ ആവശ്യത്തിനനുസരിച്ച് വാഹനങ്ങളോ ഇല്ല. 1990 ന് മുമ്പുള്ള സ്റ്റാഫ് പാറ്റേണനുസരിച്ചാണ് ഇപ്പോഴും എക്‌സൈസ് ജീവനക്കാരുടെ നിയമനം.
ജില്ലയിലെ 9 ചെക്‌പോസ്റ്റുകളില്‍ സ്വന്തമായി ജീപ്പുള്ളത് വാളയാര്‍ റേഞ്ചിനുകീഴില്‍ മാത്രം. നെന്മാറ റേഞ്ചിലും ഇന്റലിജന്‍സ് വിഭാഗത്തിലും ജീപ്പുണ്ടെങ്കിലും ഡ്രൈവര്‍ തസ്തികയില്‍ നിയമനമില്ല. അട്ടാപ്പാടി ജനമൈത്രി എക്‌സൈസ് ഓഫിസിന് സ്വന്തം കെട്ടിടവുമില്ല. കഴിഞ്ഞ ആറുമാസത്തിനിടെ പാലക്കാട് ജില്ലയില്‍ 213 കിലോ കഞ്ചാവും 2516 അനധികൃത വിദേശമദ്യം 2480 ലിറ്റര്‍ വ്യാജ കള്ള്, 178 ലിറ്റര്‍ വ്യാജ ചാരായം, 11480 ലിറ്റര്‍ വാഷ്, 2121 നിരോധിത മയക്കുമരുന്നു ഗുളികകള്‍, 1200 ജലറ്റിന്‍സ്റ്റിക്കുകള്‍, 11200 ഇലക്ട്രിക് ഡിറ്റണേറ്റര്‍ പിടിച്ചപ്പോള്‍ 47 ഓളംകഞ്ചാവ് ചെടികളും പിടികൂടുകയും ഉണ്ടായി. കഴിഞ്ഞ 6 മാസത്തിനിടെ 78. 28 ലക്ഷം രൂപയുടെ കുഴല്‍പ്പണവും 10കിലോ വെള്ളിയും 3.  3 .72 കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്.

RELATED STORIES

Share it
Top