കളിസ്ഥലത്തെ ചൊല്ലി ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

ചങ്ങനാശ്ശേരി: ഫാത്തിമാപുരത്തെ ഡംപിങ് സ്റ്റേഷനു സമീപം മിനി സ്റ്റേഡിയം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനെ ചൊല്ലി ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. വിഷയം വോട്ടിനിടണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാതെ  സഭ പിരിയുന്നതായി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍ പ്രഖ്യാപിച്ചു പിരിഞ്ഞു. നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്നു സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തത്. നഗരമാലിന്യം നിക്ഷേപിക്കുന്ന  ഫാത്തിമാപുരത്തെ ഡംപിങ് സ്റ്റേഷനു സമീപം മിനി സ്റ്റേഡിയം നിര്‍മിക്കാന്‍ ആദ്യം 10 ലക്ഷം രൂപയും പിന്നീട് എട്ടു ലക്ഷം രൂപയും അനുവദിച്ചത് സഭയുടെ അംഗീകാരത്തോടെയല്ല.  ഇന്റര്‍ നാഷനല്‍ സ്‌റ്റേഡിയത്തിനായി ളായിക്കാട്ട് എടുത്ത സ്ഥലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അനാഥമായിക്കിടക്കുമ്പോഴാണ് മാലിന്യ നിക്ഷേപ കേന്ദ്രത്തിനു സമീപം മറ്റൊരു സ്റ്റേഡിയം കൂടി പണിയാന്‍ അനുമതി നല്‍കിയതെന്നും കൗണ്‍സിലര്‍ മാര്‍ട്ടിന്‍ സ്‌കറിയ ആരോപിച്ചു. ഭൂമാഫിയാകളുടെ കളിപ്പാവയായി ചെയര്‍മാന്‍ മാറിയെന്നും മാര്‍ട്ടില്‍ പറഞ്ഞു. ഇവിടെ സ്റ്റേഡിയം നിര്‍മിച്ചാല്‍ ഭാവിയില്‍ കുട്ടികളുടെ ആരോഗ്യപ്രശ്‌നവും മറ്റും ഉന്നയിച്ച് കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും കോടതിയിടപെട്ടാല്‍ നിലവില്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് അതിനു കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാലിന്യം നിക്ഷേപിക്കാന്‍ മറ്റു സ്ഥലം കണ്ടെത്താനാവാതെ നഗരം മാലിന്യത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്നും ഇവിടെനിന്നും മാലിന്യനിക്ഷേപകേന്ദ്രം മാറ്റാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പ്രദേശത്തെ നിരവധി കുട്ടികള്‍ പതിറ്റാണ്ടുകളായി കളിക്കുന്ന സ്ഥലമാണെന്നും ഇവിടെ കുട്ടികളുടെ കായികശേഷിക്കു പ്രോല്‍സാഹനം കൊടുക്കാന്‍ മിനി സ്‌റ്റേഡിയമല്ല, കേവലം കളിസ്ഥലം മാത്രമാണ് കൗണ്‍സിലര്‍ മാര്‍ട്ടിന്‍ സ്‌കറിയ പറഞ്ഞു.ഇതു ഡംപിങ് സ്റ്റേഷനില്‍ ഉള്‍പ്പെട്ട സ്ഥലമല്ലെന്ന് കോടതിയില്‍പ്പോലും തെളിവുണ്ടെന്നും നഗരസഭ ചര്‍ച്ചചെയ്ത ശേഷമാണ് ഇതിനു അംഗീകാരം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സഭ പ്രക്ഷുബ്ദമാവുകയായിരുന്നു. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സാജന്‍ ഫ്രാന്‍സിസും വ്യക്തമാക്കി. ഡംപിങ്് സ്റ്റേഷനു സമീപം മിനി സ്റ്റേഡിയം നിര്‍മിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ്സോ യുഡിഎഫോ ചര്‍ച്ച പോലും ചെയ്തിട്ടില്ലെന്നു യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി എന്‍ നൗഷാദും വ്യക്തമാക്കി. നഗരസഭയുടെ ആസ്തിയില്‍പ്പെട്ട ഫാത്തിമാപുരത്തെ ഡംപിങ് സ്റ്റേഷന്‍ 1.70 ഏക്കര്‍ സ്ഥലമാണുള്ളതെന്നും  ഈ സ്ഥലം അളന്നു തിട്ടപ്പെടുത്തി  മതിലുകെട്ടി വേര്‍തിരിക്കണമെന്നും അതിനുള്ളിലോ സമീപത്തോ യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി  ചെയര്‍മാന്‍ സജി തോമസ് നഗരസഭാ സെക്രട്ടറിയോട് പിന്നീട്  രേഖാമൂലം ആവശ്യപ്പെട്ടു. അതേസമയം  ചെയര്‍മാന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കംചെയ്യാന്‍ ഒരു വിഭാഗം കുറെ നാളായി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ കോലാഹലമെന്നും ചെയര്‍മാന്‍ പറഞ്ഞു. നേരത്തെ നടന്ന ചര്‍ച്ചയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ഇക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റി ഗുരുതരമായ വീഴ്ചയാണ് കാണിക്കുന്നതെന്നും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നഗരത്തിലെ വഴിവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ഖേദകരമാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പഴയ കരാറുകാരെപ്പോലെ പുതിയ കരാറുകാരനും വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണു പ്രശ്‌നമെന്നും വേണ്ടി വന്നാല്‍ ഇതിനായി ലേലം നടപടികള്‍ ചെയ്യേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top