കളിക്കൂട്ടുകാരുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

വാഴക്കാട്: കളിക്കൂട്ടുകാരായ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. വാഴക്കാട് ജിയുപി സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയം രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ചെറുവായൂര്‍ ചിറ്റന്‍ കക്കാട്ടിരി റിയാസിന്റെ മകന്‍ മുഹമ്മദ് റിഷാന്‍ സി കെ (7), വേലീരിപൊറ്റ അബ്ദുല്‍ റഷീദ് മാഷുടെ മകന്‍ അഷ്ഫാന്‍ വി പി (7) എന്നിവരാണ് ഇന്നലെ വൈകീട്ട് സ്രാമ്പ്യ കുളത്തില്‍ മുങ്ങിമരിച്ചത്. സ്‌കൂള്‍ വിട്ടുവന്ന ഇരുവരും സൈക്കിളില്‍ കളിക്കാന്‍ പോയതായിരുന്നു.
റോഡിനടുത്തുള്ള കുളമാണെങ്കിലും സംഭവ സമയം ആരും അതിലെ വന്നിരുന്നില്ല. വൈകീട്ട് ആറോടെ ഇതുവഴിയെ പോയ ഒരാള്‍ സംശയം തോന്നി നോക്കിയപ്പോഴാണ് കുട്ടികള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. മുഹമ്മദ് റിഷാന്റെ മയ്യിത്ത് കണ്ണത്തുംപാറ ജുമാ മസ്ജിദിലും അഷ്ഫാന്റെ മയ്യിത്ത് വാഴക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലുമാണ് സംസ്‌കരിച്ചത്. രാത്രിയാണെങ്കിലും നൂറുകണക്കിനു പേര്‍ മയ്യിത്ത് നമസ്‌കാരത്തിനെത്തി.

RELATED STORIES

Share it
Top