കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കരുനാഗപ്പള്ളി: വീടിനു സമീപം കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. തഴവ പാവുമ്പ കാളിയന്‍ചന്ത എരോട്ട് പാലത്തിനു സമീപം തെക്കടത്ത് (തേജസ്) വീട്ടില്‍ ജോര്‍ജ് മാത്യു-മിനി ജോര്‍ജ് ദമ്പതികളുടെ മകന്‍ അഡോണ്‍ മാത്യു(6), പുത്തന്‍പുരയില്‍ സൈമണ്‍- വിജി സൈമണ്‍ ദമ്പതികളുടെ മകന്‍ നിബു (7) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണു സംഭവം. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ സമീപത്തെ പുഞ്ചയ്ക്ക് സമീപം കുട്ടികളുടെ ചെരിപ്പ് കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ഇറങ്ങി നോക്കിയപ്പോഴാണ് ചളിയില്‍ താഴ്ന്ന നിലയില്‍ കുട്ടികളെ കണ്ടത്. നേരത്തേ ഇഷ്ടിക നിര്‍മാണത്തിനു വേണ്ടി ചളിയെടുത്ത സ്ഥലത്തെ വെള്ളക്കെട്ടിലാണ് കുട്ടികള്‍ വീണു മരിച്ചത്.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കരുനാഗപ്പള്ളി സിഐ ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയശേഷം കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇസ്രായേലിലുള്ള അഡോ ണ്‍ മാത്യുവിന്റെ മാതാവ് മിനി ജോര്‍ജ് എത്തിയശേഷം സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. അഡോണ്‍ മാത്യു പാലമൂട് സൗമ്യ നഴ്‌സറി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയും നിബു പാലമൂട് അമൃത യുപി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയുമാണ്.

RELATED STORIES

Share it
Top