കളവുമുതല്‍ തിരിച്ച് പിടിക്കാനാവാതെ പോലിസ്‌

കൊച്ചി: സംസ്ഥാനത്ത് 2016ല്‍ കള്ളന്‍മാര്‍ കവര്‍ന്നത് 83.1 കോടി രൂപ വില വരുന്ന സ്വര്‍ണവും പണവും വസ്തുവകകളുമെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപോര്‍ട്ട്.
പോലിസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും തിരിച്ചു പിടിക്കാനായത് കേവലം 18.2 കോടി രൂപയുടെ വസ്തുവകകള്‍ മാത്രം. അതായത് മൊത്തം നഷ്ടത്തിന്റെ 22 ശതമാനം മാത്രം. 2014ല്‍ സംസ്ഥാനത്ത് മോഷണം പോയത് 141.9 കോടി രൂപയുടെ വസ്തുവകകളാണ്. 21.4 കോടി രൂപയുടെ വസ്തുവകകള്‍ അഥവാ 15.1 ശതമാനം തിരികെ പിടിച്ചു. 2015ല്‍ 96.3 കോടി രൂപയുടെ മോഷണം നടന്നപ്പോള്‍ തിരികെ പിടിച്ചത് 25.5 കോടി രൂപയുടെ വസ്തുവകകളാണ്. അതായത് 26.5 ശതമാനം. കളവ് മുതല്‍ തിരികെ പിടിക്കുന്നതിലെ ദേശീയ ശരാശരി 15 ശതമാനം ആണ്. തമിഴ്‌നാട് പോലിസാണ് കളവ് മുതല്‍ തിരികെ പിടിക്കുന്നതില്‍ മുമ്പില്‍. 66.9 ശതമാനം. രാജസ്ഥാന്‍-54.7, ഉത്തരാഖണ്ഡ് 54 എന്നിവരാണ് തൊട്ടുപുറകില്‍.
2016ല്‍ രാജ്യത്ത് ഏറ്റവുമധികം മോഷണം നടന്നത് മഹാരാഷ്ട്രയിലാണ്. 3371.3 കോടി രൂപയുടെ പണവും സ്വര്‍ണവുമാണ് അപഹരിക്കപ്പെട്ടത്. 630.1 കോടി രൂപയുടെ നഷ്ടവുമായി ഉത്തര്‍പ്രദേശും 276.6 കോടി രൂപയുടെ നഷ്ടവുമായി കര്‍ണാടകവുമാണ് പിറകില്‍.
വീട്, റോഡ്, സ്ഥാപനം, തീവണ്ടി, ആരാധനാലയങ്ങള്‍, ബാങ്ക്, എടിഎം, നദി, സമുദ്രം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് 641851 കേസുകളാണ് 2016ല്‍ രജിസ്റ്റര്‍ ചെയ്തത്. 7753 കോടി രൂപയുടെ നഷ്ടമാണ് ഉടമകള്‍ക്കുണ്ടായത്. പണം, ആഭരണങ്ങള്‍ എന്നിവ കവര്‍ന്ന സംഭവങ്ങളിലെ തിരിച്ചു പിടിക്കല്‍ 19.5 ശതമാനം മാത്രമാണ്. കളവ് പോയ 211844 മോട്ടോര്‍ വാഹനങ്ങളില്‍ 46436 എണ്ണം പോലിസ് കണ്ടെത്തി. കാണാതായ 180265 ബൈക്കുകളില്‍ 39121 എണ്ണം മാത്രമേ കണ്ടെത്താനായുള്ളൂ. 18136 കാറുകളില്‍ 3202 എണ്ണവും 698 ആഡംബര കാറുകളില്‍ 167 എണ്ണവും 3472 ചരക്ക് ലോറികളില്‍ 1140 എണ്ണവും 95 ബസ്സുകളില്‍ 64 എണ്ണവും 3134 ഓട്ടോറിക്ഷ അടക്കമുള്ള മുച്ചക്ര വാഹനങ്ങളില്‍ 1238 എണ്ണവും മാത്രമാണ് തിരികെ പിടിക്കാനായത്.
2016ല്‍ രാജ്യത്ത് 54615 മൊബൈല്‍ ഫോണുകളാണ് മോഷണം പോയതെന്ന് റിപോര്‍ട്ട് പറയുന്നു. ഇതില്‍ 15671 എണ്ണം മാത്രമേ ട്രാക്ക് ചെയ്ത് തിരികെ പിടിക്കാനായുള്ളൂ. 10617 ലാപ്‌ടോപ്പുകളില്‍ 2091 എണ്ണം മാത്രമാണ് തിരികെ ലഭിച്ചത്. 8859 കന്നുകാലികളില്‍ 4018 എണ്ണത്തേയും കണ്ടെത്തി. 3523 സൈക്കിളുകളില്‍ 1010 എണ്ണവും തിരികെ പിടിച്ചതായി റിപോര്‍ട്ട് പറയുന്നു.
മോഷ്ടാക്കള്‍ പണം ഉപയോഗിച്ച് തീര്‍ക്കുന്നതും ആഭരണങ്ങള്‍ ഉരുക്കുന്നതുമാണ് തിരികെ പിടിക്കുന്നതിന് തടസ്സമാവുന്നതെന്നാണ് പോലിസിന്റെ വാദം.

RELATED STORIES

Share it
Top