കളനാശിനി പ്രയോജനം ചെയ്തില്ല; നിരാശയോടെ നെല്‍കര്‍ഷകര്‍

കുമരകം: നെല്ലിലെ കള നശിപ്പിക്കാന്‍ കളനാശിനി പ്രയോഗിച്ച കര്‍ഷകരുടെ നെല്ലിലെ കള പോയില്ലെന്നും പുഞ്ച കൃഷി ഇറക്കിയ കര്‍ഷകര്‍ക്കാണ് നാശമുണ്ടായതെന്നും പരാതി. വിതച്ച് 40 ദിവസത്തിനകം പല തവണ പലയിനം കളനാശിനികള്‍ പ്രയോഗിച്ചിട്ടും കടം വാങ്ങിയ പണം പോയതല്ലാതെ കള പോയില്ലെന്നു കര്‍ഷകര്‍ പറയുന്നു. ഒരേക്കറിനു മരുന്നു തളിക്കാനുള്ള കൂലി മാത്രം 600 രൂപയാണു ചെലവ്. കൂടാതെ കളനാശിനിയുടെ വിലയും. ഇവയുടെ ഗുണനിലവാരമില്ലായ്മയാണ് കളനശിക്കാതിരിക്കാന്‍ കാരണമെന്നു കര്‍ഷകര്‍ പറയുന്നു. എന്നാല്‍ മരുന്ന് ഉല്‍പ്പാദകരുടെ ഏജന്റുമാര്‍ കര്‍ഷകരെയാണു പഴിചാരുന്നത്. നിര്‍ദേശാനുസരണം കളനാശിനി പ്രയോഗിക്കുന്നതിനുള്ള വീഴ്ചയാണ് കള നശിക്കാതിരിക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. വേണ്ടത്ര അളവില്‍ കളനാശിനി ഉപയോഗിച്ചില്ല. യഥാര്‍ഥ ദിവസം കളനാശിനി പ്രയോഗിക്കുന്നില്ല, കൃത്യ സമയത്ത് പാടത്തു വെള്ളം കയറ്റുന്നില്ല, നിര്‍ദേശാനുസരണം വെള്ളം നെല്ലിന്റെ ചുവട്ടില്‍ കിടത്തുന്നില്ല എന്നിങ്ങനെയുള്ള പ്രായോഗിക വീഴ്ചയാണ് കമ്പിനി പ്രതിനിധികള്‍ നിരത്തുന്നത്. വിതച്ച് 40 ദിവസം പിന്നിട്ട പാടത്ത് മൂന്നുപ്രാവശ്യം കളനാശിനി അടിച്ചിട്ടും കള നശിക്കാതെ തൊഴിലാളികളെ കൊണ്ട് കള പറിച്ചുകളയേണ്ട ഗതികേടിലാണിപ്പോള്‍. തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ട് വേറെയും. കവിട, മുപ്പാടന്‍, മഞ്ഞക്കോര, കുതിരവാലന്‍പുല്ല്, ഞെട്ടപ്പുല്ല, കളക്കവിട തുടങ്ങി വിവിധ കളകളാണ് കുട്ടനാടന്‍ പാടത്ത് നെല്ലിനൊപ്പം വളരുന്നത്. പണ്ട് ഒരു കളനാശിനി കൊണ്ട് ഇവയെല്ലാം നശിക്കുമായിരുന്നു.  എന്നാല്‍ ഇപ്പോള്‍ പല ഇനം കളകള്‍ക്കും പല കളനാശിനി കൃഷിവകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. താരക്കും ആല്‍മിക്‌സും ചേര്‍ത്ത് ഒരുതവണ തളിച്ചാല്‍ മുന്‍വര്‍ഷങ്ങളില്‍ കളകള്‍ ഏറെയും നശിക്കുമായിരുന്നു.  എന്നാല്‍ ഇത്തവണ മുപ്പാടനും കുതിര വാലന്‍പുല്ലും നശിക്കുന്നില്ല. രണ്ടു തവണയിട്ട വളം അധികവും കളകളാണ് വലിച്ചെടുത്തതെന്നു കര്‍ഷകര്‍ പരിതപിക്കുന്നു.

RELATED STORIES

Share it
Top