കല്‍പ്പറ്റ നഗരസഭ, അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും ആറിന് ്

കല്‍പ്പറ്റ: നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുസ്‌ലിം ലീഗിലെ ഉമൈബ മൊയ്തീന്‍കുട്ടിക്കും വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസ്സിലെ പി പി ആലിക്കുമെതിരേ കൗണ്‍സിലിലെ ഇടതുപക്ഷ അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് ആറിന്. ചെയര്‍പേഴ്‌സനെതിരായ അവിശ്വാസ പ്രമേയത്തില്‍  രാവിലെ 9.30നും വൈസ് ചെയര്‍മാനെതിരായതില്‍ ഉച്ചകഴിഞ്ഞ് 2.30നും ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
28 അംഗങ്ങളാണ് നഗരസഭാ കൗണ്‍സിലില്‍. സിപിഎം-10, സിപിഐ-രണ്ട്, ജെഡിയു-രണ്ട്, കോണ്‍ഗ്രസ്-എട്ട്, ലീഗ്-അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സ്വതന്ത്രനും കൗണ്‍സിലിലുണ്ട്. എം പി വീരേന്ദ്രകുമാര്‍ സംസ്ഥാന അധ്യക്ഷനായ ജെഡിയു ഐക്യ ജനാധിപത്യ മുന്നണി വിട്ടതോടെയാണ് നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനുമെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കുന്നതിനു സാഹചര്യം ഒരുങ്ങിയത്. കൗണ്‍സിലിലെ ഇടതുപക്ഷ ജെഡിയു അംഗങ്ങളും സ്വതന്ത്രനും ഉള്‍പ്പെടെ 15 പേര്‍ ഒപ്പിട്ടതാണ് അവിശ്വാസ പ്രമേയ നോട്ടീസ്.
നഗരസഭയിലെ പതിനാലാം വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന സ്വതന്ത്ര കൗണ്‍സിലര്‍ രാധാകൃഷ്ണന്റെ നിലപാടാണ് നോട്ടീസ് നല്‍കുന്നതില്‍ ഇടതുപക്ഷത്തിനു സഹായകമായത്. യുഡിഎഫിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചാണ് രാധാകൃഷ്ണന്‍ ഇടത്തോട്ടു ചാഞ്ഞത്. മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ട് ചെയ്തത്. വൈസ് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് രാധാകൃഷ്ണനെ എല്‍ഡിഎഫ് ഒപ്പം നിര്‍ത്തിയതെന്നു പറയപ്പെടുന്നു. വനിതയ്ക്ക് സംവരണം ചെയ്തതാണ് നഗരസഭാ അധ്യക്ഷ സ്ഥാനം. നഗരസഭാ ഭരണത്തിന്റെ തുടക്കത്തില്‍ ജെഡിയുവിലെ ബിന്ദു ജോസായിരുന്നു ചെയര്‍പേഴ്‌സണ്‍. ലീഗിലെ എ പി ഹമീദ് വൈസ് ചെയര്‍മാനും. യുഡിഎഫ് ധാരണയനുസരിച്ചാണ് ഒരു വര്‍ഷത്തിനുശേഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലീഗിനും വൈസ് ചെയര്‍മാന്‍ പദവി കോണ്‍ഗ്രസ്സിനും ലഭിച്ചത്. ഭരണത്തിന്റെ അവസാന വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസ്സിനും വൈസ് ചെയര്‍മാന്‍ പദവി ജെഡിയുവിനും നല്‍കാനും യുഡിഎഫ് ധാരണയുണ്ടായിരുന്നു.
അവിശ്വാസ പ്രമേയത്തെ നേരിടുന്നതിന് തന്ത്രങ്ങള്‍ മെനയുകയാണ് യുഡിഎഫ്. ഔദ്യോഗിക ജെഡിയു മുഖേന കൗണ്‍സിലിലെ രണ്ട് അംഗങ്ങള്‍ക്ക് വിപ്പ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

RELATED STORIES

Share it
Top