കല്‍പ്പറ്റ നഗരസഭയില്‍ ഇന്ന് അവിശ്വാസം: ജനതാദള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി

കല്‍പ്പറ്റ: ജനതാദള്‍ പിന്തുണയോടെ യുഡിഎഫ്  ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായ കല്‍പ്പറ്റ നഗരസഭയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍ കുട്ടിക്കെതിരെ എല്‍ഡിഎഫ് കൊണ്ടു വരുന്ന അവിശ്വാസ പ്രമേയം ഇന്ന്  പരിഗണിക്കും.
രാവിലെ 9. 30ന്് അവിശ്വാസ പ്രമേയത്തിന്‍ മേല്‍ ചര്‍ച്ച നടക്കും. ചെയര്‍മാനും വൈസ്‌ചെയര്‍മാനുമെതിരെ സിപിഎമ്മിലെ വി ഹാരിസാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ജനതാദള്‍(യു) എല്‍ഡിഎഫില്‍ ചേര്‍ന്നതോടെയാണ് ഭരണം പിടിക്കാന്‍ നീക്കമാരംഭിച്ചത്. ജനതാദള്‍(യു) അംഗങ്ങള്‍ക്കൊപ്പം യുഡിഎഫ് റിബലായി മല്‍സരിച്ച് വിജയിച്ച രാധാകൃഷ്ണന്റെ പിന്തുണയും എല്‍ഡിഎഫിനാണ്. പ്രമേയം പാസ്സാവാന്‍ ഈ അംഗത്തിന്റെ പിന്തുണ നിര്‍ണായകമാണ്.  28 അംഗ ഭരണസമിതിയില്‍ 12 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. അതിനിടെ, ഭരണം നിലനിര്‍ത്തുന്നതിന് യുഡിഎഫും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
രണ്ടു ജനതാദള്‍ അംഗങ്ങള്‍ ഉള്‍പ്പെടെ  15 അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ അവിശ്വാസ പ്രമേയത്തിനെതിരെ  വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ജനതാദള്‍ ( യുനൈറ്റഡ് ) രണ്ടംഗങ്ങള്‍ക്ക്  വിപ്പ് നല്‍കി. യു ഡി എഫിന്റെ ഭാഗമായിരിക്കെ കൗണ്‍സിലര്‍മാരായ ബിന്ദു ജോസ്, ഡി രാജന്‍ എന്നിവര്‍ക്കാണ് വിപ്പ് നല്‍കിയതെന്ന് ജനതാദള്‍ (യുനൈറ്റഡ്) സംസ്ഥാന പ്രസിഡന്റ്  എ എസ് രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു.    ജെഡിയു അംഗങ്ങള്‍ക്ക് ചിഹ്നം നല്‍കുന്നതിനും വിപ്പ് നല്‍കുന്നതിനും അതത് കാലത്തെ സംസ്ഥാന പ്രസിഡന്റുമാര്‍ക്കാണ് അധികാരം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനതാദള്‍ യു എന്ന പേരും കൊടിയും അമ്പ് ചിഹ്നവും  ഓഫിസുകളും അനുവദിച്ച് നല്‍കിയത് നിതീഷ് കുമാര്‍ പ്രസിഡന്റായ പാര്‍ട്ടിക്കാണ്. കുറ്റകരമാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ ചിലയിടങ്ങില്‍ തങ്ങളുടെ കൊടിയും ചിഹ്നവും ഉപയോഗിക്കുന്നുണ്ട്. ശരത് യാദവ് ഇത് ഉപയോഗിക്കാനാവാത്തതിനെ തുടര്‍ന്ന് പുതിയ പേരും കൊടിയും ചിഹ്നവും അനുവദിക്കണമെന്നാവശ്യപ്പെട്ട്  തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ജനതാദള്‍ യു എന്ന പേരും അതിന്റെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വവും രാജിവയ്‌ക്കേണ്ടി വന്ന വീരേന്ദ്രകുമാര്‍ ഈ കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കി എന്നത് രാഷ്ട്രീയ ബോധമുള്ളവര്‍ വിശ്വസിക്കില്ലന്നും ഭാരവാഹികള്‍ പറഞ്ഞു.
ഡല്‍ഹി ഹൈകോടതിയില്‍ ഇന്നുവരെ ഒരു കേസും നിലവിലില്ല. ഒരു വിധിയും ഉണ്ടായിട്ടില്ല. ഉണ്ടെങ്കില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ വിധി പകര്‍പ്പ് ഹാജരാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ചിലരുടെ ഗൂഢ നീക്കത്തിനെതിരെ ജനങ്ങളും രാഷ്ട്രീയ ബോധമുള്ളവരും  ജാഗ്രത പാലിക്കണമെന്ന് ഇവര്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ ബിന്ദു ജോസ്, ഡി രാജന്‍ എന്നിവര്‍ക്ക് തപാല്‍ വഴി അയച്ച വിപ്പ് കൈപ്പറ്റാത്തതിനാല്‍ അവരുടെ വീടുകളില്‍ വിപ്പ് പതിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍  സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജയകുമാര്‍ എഴുത്തുപളളി, സുധീര്‍ ജി കൊല്ലാറ, കല്‍പ്പറ്റ മുനിസിപ്പല്‍ പ്രസിഡന്റ് മാടായി ലത്തീഫ് പങ്കെടുത്തു.

RELATED STORIES

Share it
Top