കല്‍പ്പറ്റയില്‍ ഭവനനിര്‍മാണത്തിനും ജലസംരക്ഷണത്തിനും മുന്‍തൂക്കം

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഭവനനിര്‍മാണത്തിനും കുടിവെള്ളത്തിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന. 75,57,35,000 രൂപ വരവും 75,56,60,000 രൂപ ചെലവും 75,000 രൂപ മിച്ചവുമുള്ള 2018-19 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ അവതരിപ്പിച്ചു. പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു. നടപ്പുവര്‍ഷം 10 കോടി ചെലവില്‍ ബ്ലോക്ക് പഞ്ചായത്ത് വിവിധ പഞ്ചായത്തുകളിലായി 350 വീടുകള്‍ പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കും. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുപണി പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ഫണ്ട് വകയിരുത്തി.
50 ലക്ഷം രൂപ ചെലവില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ സഹായത്തോടെ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി ഗ്രാമപ്പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതി ഈ വര്‍ഷം പൂര്‍ത്തീകരിക്കും. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ മാങ്ങാവയലില്‍ ആരംഭിച്ച ജലപുനര്‍ജനി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. നെല്‍കര്‍ഷകരെ സഹായിക്കുന്നതിന് കൂലിച്ചെലവ് നല്‍കുന്നതിനുള്ള നെല്‍കൃഷി പ്രോല്‍സാഹന പദ്ധതിയും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് പാടശേഖര സമിതികള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ് പണമായി നല്‍കുന്ന പദ്ധതിയും ഉള്‍പ്പെടുത്തി. വനിതകള്‍ക്ക് മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള സ്ഥലം വാങ്ങും.
ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി നൈപുണ്യപരിശീലന കേന്ദ്രം നിര്‍മിക്കുന്നതിനും പദ്ധതി വച്ചിട്ടുണ്ട്. ക്ഷീര, മൃഗ സംരക്ഷണ, കൃഷി ഓഫിസ് നിര്‍മിക്കുന്നതിനായി ഫണ്ട് വകയിരുത്തി. വയോജന സൗഹൃദകേന്ദ്രം ആരംഭിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ പ്രമോട്ടര്‍മാരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി പ്രാക്തന സഹായി, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍, ഭിന്നശേഷിക്കാരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിച്ചു നല്‍കുക, പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തുമായി സംയുക്ത പദ്ധതി തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുണ്‍ പങ്കെടുത്തു.

RELATED STORIES

Share it
Top