കല്‍പ്പറ്റയില്‍ ജൂലൈ ഒന്നുമുതല്‍ ഗതാഗത പരിഷ്‌കാരം

കല്‍പ്പറ്റ: നഗരത്തിലെ ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ട ട്രാഫിക് ഉപദേശക സമിതി നിര്‍ദേശങ്ങള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചു. പരിഷ്‌കാരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. പരീക്ഷണ കാലയളവില്‍ ഉയരുന്ന പരാതികള്‍ പരിഹരിച്ച് പരിഷ്‌കാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കും. ഉപദേശക സമിതി നിര്‍ദേശത്തില്‍ ഏതാനും ഭേദഗതികള്‍ക്ക് മുനിസിപ്പല്‍ കൗണ്‍സിലിലെ യുഡിഎഫ് അംഗങ്ങളില്‍ ചിലര്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. പരിഷ്‌കാരത്തില്‍ ആവശ്യമെങ്കില്‍ ഭേദഗതികള്‍ പിന്നീട് വരുത്താമെന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിച്ചത്.
പരിഷ്‌കാരം നടപ്പാക്കുന്ന ദിവസം മുതല്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളില്‍ നിന്നുള്ള ലോക്കല്‍ ബസ്സുകള്‍ക്ക് പഴയ സ്റ്റാന്റില്‍ പ്രവേശനമുണ്ടാവില്ല. സ്റ്റാന്റിനു മുന്നില്‍ യാത്രക്കാരെ ഇറക്കണം. രാവിലെ എട്ടു മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നര മുതല്‍ വൈകീട്ട് ആറുവരെ ചരക്കുവാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശനം അനുവദിക്കില്ല. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളില്‍ നിന്നുള്ള അന്തര്‍സംസ്ഥാന ബസ്സുകള്‍ ബൈപാസ്, ജനമൈത്രി ജങ്ഷനിലൂടെ പുതിയ സ്റ്റാന്റിലെത്തണം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്കുള്ള അന്തര്‍സംസ്ഥാന ബസ്സുകള്‍ക്കും ഈ രീതി ബാധകമാണ്.
ദീര്‍ഘദൂര ബസ്സുകളും രാത്രികാല ബസ്സുകളും പഴയ സ്റ്റാന്റില്‍  യാത്രക്കാരെ കയറ്റില്ല. ചുങ്കം-പള്ളിത്താഴെ-ആനപ്പാലം റോഡ് വണ്‍വേയാവും. ട്രാഫിക് പരിഷ്‌കാരത്തില്‍ എതിര്‍പ്പുമായി വ്യാപാരികളില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പഴയ ബസ് സ്റ്റാന്റ് കെട്ടിടത്തിലും പരിസരങ്ങളിലും കച്ചവടം ചെയ്യുന്നവരാണ് ഇവരില്‍ അധികവും. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗങ്ങളില്‍ നിന്നുള്ള ലോക്കല്‍ ബസ്സുകള്‍ക്ക് പഴയ സ്റ്റാന്റില്‍ പ്രവേശനം അനുവദിക്കാത്തതാണ് വ്യാപാരികളുടെ എതിര്‍പ്പിനു കാരണം. ചുങ്കം-പള്ളിത്താഴെ-ആനപ്പാലം റോഡ് വണ്‍വേയാക്കുന്നതിലും മുറുമുറുപ്പ് ഉയരുന്നുണ്ട്. പോസ്റ്റ് ഓഫിസിനു സമീപം ടാക്‌സി കാറുകള്‍ക്ക് സ്റ്റാന്റ് അനുവദിച്ചതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളാണെന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top