കല്‍പപ്പറ്റയെ കര്‍ഷക ആദിവാസി സൗഹൃദ ഹരിത മണ്ഡലമാക്കാന്‍ പച്ചപ്പ് പദ്ധതി

കല്‍പ്പറ്റ: മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പച്ചപ്പ് പദ്ധതിയ്ക്ക് തുടക്കമായി. പച്ചപ്പിലൂടെ കല്‍പ്പറ്റയെ കര്‍ഷക  ആദിവാസി സൗഹൃദ ഹരിത മണ്ഡലമാക്കി മാറ്റണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. ഹരിത മണ്ഡലം ആക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ തോടുകള്‍, നദികള്‍, കേണികള്‍, കിണറുകള്‍ എന്നിവ പുനരുദ്ധരിക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി ഇല്ലാതാക്കാനും നടപടിയുണ്ടാവും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) മേല്‍നോട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സുഗന്ധഗിരിയെ രാജ്യത്തെ തന്നെ മാതൃകാ ഊര് ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 26ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് എംഎല്‍എ അറിയിച്ചു. സുഗന്ധഗിരിയിലെ ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിക്കും. മഴവെള്ളം പൂര്‍ണമായി സംഭരിക്കാനാവണം. അടുത്ത മഴക്കാലത്ത് അഞ്ച് ടിഎംസി മഴവെള്ളം സംഭരിക്കാനാവണമെന്ന് എംഎല്‍എ പറഞ്ഞു. ഇതിനുള്ള നടപടി പഞ്ചായത്തുകളും തോട്ടം ഉടമകളും സ്വീകരിക്കണം. ജലത്തിന്റെ ഫലപ്രദമായ വിനിയോഗത്തിലൂടെ അടുത്ത വര്‍ഷം കാപ്പി ഉത്പാദനം ഇരട്ടിയാക്കണം. കബനിയില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട 21 ടിഎംസി ജലവും വിനിയോഗിക്കണം. ജനപങ്കാളിത്തത്തോടെ വേണം പദ്ധതികള്‍ നടപ്പാക്കാനെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ വെള്ളം സംഭരിക്കുന്നതിലൂടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണാനാവും. ജലം സംഭരിക്കുന്നതിനായി ഒരുക്കുന്ന സംഭരണികളില്‍ മീന്‍ വളര്‍ത്തലും പ്രോത്‌സാഹിപ്പിക്കാവുന്നതാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കല്‍പ്പറ്റയിലെ പാലുത്പാദനം ഇരട്ടിയാക്കാനുള്ള ശ്രമങ്ങളുണ്ടാവും.  മണ്ഡലത്തില്‍ കാറ്റില്‍ ഫാം ആരംഭിക്കുന്ന പദ്ധതി പരിഗണനയിലാണെന്ന് എംഎല്‍എ പറഞ്ഞു. ഇറച്ചിക്കോഴി വളര്‍ത്തല്‍ പ്രോത്‌സാഹിപ്പിക്കുന്നതിനൊപ്പം എഗ് മാര്‍ക്ക് സൊസൈറ്റിയും രൂപീകരിക്കും. സൊസൈറ്റി തുടങ്ങുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു ദിവസം ഒരു ലക്ഷം മുട്ട ശേഖരിക്കുകയാണ് ലക്ഷ്യം. ബ്രഹ്മഗിരി മാതൃകയില്‍ കര്‍ഷക കൂട്ടായ്മ ഉണ്ടാവണമെന്നും ജീരകശാല, ഗന്ധകശാല ഇനങ്ങള്‍ ബ്രാന്‍ഡ് ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു. പപ്പായ, പാഷന്‍ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ ഫലവര്‍ഗങ്ങളുടെ കൃഷി പ്രോത്‌സാഹിപ്പിക്കണം. കര്‍ഷക കൂട്ടായ്മയിലൂടെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കും. ആദിവാസി വിഭാഗത്തിലെ 30,000 പേരെ സാക്ഷരരാക്കുന്ന ബൃഹദ് പദ്ധതിയും നടപ്പാക്കും. തോട്ടം മേഖലയില്‍ തൊഴിലാളികള്‍ക്ക് അധിക വരുമാനം ലഭ്യമാക്കുന്ന വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും. കിടപ്പു രോഗികള്‍ക്കായി സാന്ത്വനം പദ്ധതി നടപ്പാക്കും. പച്ചപ്പ് പദ്ധതി നടപ്പാക്കുന്നതിനായി നാനോ, മൈക്രോ കഌസ്റ്ററുകള്‍ രൂപീകരിക്കും. ഇരുപതു മുതല്‍ 30 വരെ വീടുകള്‍ ഉള്‍പ്പെടുത്തിയാവും നാനോ കഌസ്റ്ററുകള്‍ രൂപീകരിക്കുക. ഏപ്രിലില്‍ ഇതിന്റെ രൂപീകരണം പൂര്‍ത്തിക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശിച്ചു. പദ്ധതിയുടെ മേല്‍നോട്ടത്തിന് പഞ്ചായത്തുതല കമ്മിറ്റിയുമുണ്ടാവും. മേയില്‍ മണ്ഡല തല കമ്മിറ്റിയും രൂപീകരിക്കും. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ താഴെതലം വരെ എത്തിക്കാന്‍ ശ്രദ്ധിക്കും. കല്‍പറ്റയെ സമ്പൂര്‍ണ മാലിന്യ മുക്ത മണ്ഡലമാക്കാന്‍ പച്ചപ്പ് പദ്ധതിയില്‍ നടപടി സ്വീകരിക്കും.ജില്ലാ കളക്ടര്‍ എസ് സുഹാസ്, എഡിഎം കെ എം രാജു, കല്‍പ്പറ്റ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, കിലയില്‍ നിന്നുള്ള വിദഗ്ധര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top