കല്‍ക്കരിപ്പാടത്തെ അഴിമതിവീരന്മാര്‍മധ്യപ്രദേശിലെ കല്‍ക്കരിപ്പാടം ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തയ്ക്കും മറ്റു രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സിബിഐ പ്രത്യേക കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുകയാണ്. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ആദ്യമായാണ് ഉന്നതോദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നത്. 2016 ഏപ്രിലില്‍ ജാര്‍ഖണ്ഡ് ഇസ്പാറ്റ് പ്രൈവറ്റ് കമ്പനിയുടെ നാലു ഡയറക്ടര്‍മാരെ നാലു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.വിവാദങ്ങളുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ച ഒന്നാണ് കല്‍ക്കരിപ്പാടം അഴിമതിക്കേസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും സിബിഐ മേധാവിയായിരുന്ന രഞ്ജിത്ത് സിന്‍ഹയും ഉള്‍പ്പെടെയുള്ളവര്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ടു. ക്രമക്കേട് നടന്ന കാലത്ത് പെട്രോളിയം വകുപ്പിന്റെ ചുമതല മന്‍മോഹന്‍ സിങിനായിരുന്നു. സിബിഐ മേധാവി രഞ്ജിത്ത് സിന്‍ഹ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം. കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി പി സി പരേഖിനും വ്യവസായിയായ കുമാരമംഗലം ബിര്‍ളയ്ക്കുമെതിരേയും സിബിഐ കേസ് ചാര്‍ജ് ചെയ്തിരുന്നു. മധ്യപ്രദേശ് കൂടാതെ ഒഡീഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കല്‍ക്കരിപ്പാടങ്ങള്‍ കൂടി ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ കമ്പനികള്‍ക്കു നല്‍കിയത് കേസിന്റെ വ്യാപ്തി എത്രത്തോളമെന്നു വ്യക്തമാക്കുന്നുണ്ട്. പൊതുഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് സിഎജി റിപോര്‍ട്ടിലുള്ളത്.കല്‍ക്കരിമന്ത്രാലയം മുന്‍ സെക്രട്ടറി പി സി പരേഖ് വിരമിച്ചശേഷം, അന്വേഷണം നേരിടുന്ന കമ്പനിയുടെ ഡയറക്ടറായി ജോലി ചെയ്തിരുന്നു. കേസിന് ജീവന്‍ വച്ചത് സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ്. ഇപ്പോള്‍ ശിക്ഷ വിധിച്ച കേസ് തന്നെ സിബിഐ എഴുതിത്തള്ളാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍, 2014 മാര്‍ച്ചില്‍ സിബിഐ സമര്‍പിച്ച റിപോര്‍ട്ട് തള്ളിയ സുപ്രിംകോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.വന്‍ വ്യവസായ ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖന്‍മാര്‍ അണിനിരന്ന കാഴ്ചയ്ക്കു കൂടി സാക്ഷ്യം വഹിച്ച കേസാണിത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ കാണാതായതും ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഏതൊക്കെ കമ്പനികള്‍ക്കാണ് കല്‍ക്കരിപ്പാടം നല്‍കേണ്ടതെന്ന് ശുപാര്‍ശ ചെയ്യുന്ന സ്‌ക്രീനിങ് കമ്മിറ്റിയുടെ മിനുട്‌സ് അടക്കമുള്ള രേഖകളാണ് കാണാതായത്. സുപ്രിംകോടതി അനുവദിച്ച സമയപരിധിക്കുള്ളിലൊന്നും നഷ്ടപ്പെട്ട ഫയലുകള്‍ കണ്ടെത്തി സമര്‍പിക്കാന്‍ സിബിഐക്കോ കേന്ദ്രസര്‍ക്കാരിനോ കഴിഞ്ഞില്ല. സിബിഐ അന്വേഷണ പുരോഗതി റിപോര്‍ട്ട് തിരുത്തിയെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു. അന്നത്തെ കേന്ദ്ര നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസിലെ ചില ഉന്നതരുമാണ് ഇതിനു പിന്നിലെന്ന സംശയവും ഉയര്‍ത്തപ്പെട്ടിരുന്നു. റിപോര്‍ട്ടിന്റെ ഹൃദയഭാഗമാണ് വെട്ടിത്തിരുത്തിയതെന്ന് സുപ്രിംകോടതിക്കു പോലും പറയേണ്ടിവന്നു. സിബിഐയെ സ്വതന്ത്രമാക്കണമെന്ന ആവശ്യം തന്നെ സുപ്രിംകോടതി ഉന്നയിച്ചതും ഈ പശ്ചാത്തലത്തിലാണ്.ഹിന്‍ഡാല്‍കോ, റിലയന്‍സ്, ടാറ്റാ സ്‌പോഞ്ച് ആന്റ് അയേണ്‍, രതി സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് കല്‍ക്കരിപ്പാടം വിതരണത്തിന്റെ ഗുണഭോക്താക്കള്‍. എന്തായാലും ഇപ്പോഴുണ്ടായ വിധി രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതിക്കേസ് തീര്‍ത്തും വിസ്മൃതിയിലേക്ക് തള്ളിവിടാനാവില്ലെന്ന ശുഭസൂചനയാണു നല്‍കുന്നത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും സുപ്രിംകോടതിക്കാണുതാനും.

RELATED STORIES

Share it
Top