കല്ല് ഗോഡൗണില്‍ ലോഡിറക്കാന്‍ ശ്രമം; പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി

മട്ടാഞ്ചേരി: ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഏരിയ മാനേജരുടെ നേതൃത്വത്തില്‍ ഭക്ഷ്യ വകുപ്പിന്റെ സംഭരണ ശാലയായ കരുവേലിപ്പടി കല്ല് ഗോഡൗണില്‍ അരി ലോഡ് ഇറക്കുവാനുള്ള ശ്രമം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു.
സസ്‌പെന്‍ഷനിലായ ഏരിയ   മാനേജര്‍ സിറാജുദ്ധീന്റെ നേതൃത്വത്തില്‍ അരി ഇറക്കുവാനുള്ള ശ്രമമാണ് യൂനിയന്‍ നേതാക്കളുടേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചത്.
ഇന്നലെ രാവിലെയാണ് ഗോഡൗണില്‍ രണ്ട് ലോഡ് അരിയെത്തിയത്. ഇതില്‍ ഒരു ലോഡ് അരി ഇറക്കിയതിന് ശേഷമാണ് ഇവിടത്തെ കയറ്റിറക്ക് തൊഴിലാളി യൂനിയന്‍ നേതാവ് സക്കറിയ ഫര്‍ണാണ്ടസ് എത്തുകയും പുതിയ മാനേജര്‍ രേഖാമൂലം എഴുതി തന്നാല്‍ മാത്രം ലോഡ് ഇറക്കിയാല്‍ മതിയെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തത്.
ഇതിനെ തുടര്‍ന്ന് അരി ഇറക്കുന്നത് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സനല്‍ ഈസ, മണ്‍സൂര്‍ അലി, ഇ എ ഹാരിസ് എന്നിവരും സ്ഥലത്തെത്തി.
നടപടി നേരിട്ട ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ലോഡ് ഇറക്കാന്‍ കഴിയില്ലന്ന് അധികൃതരോട് പറയുകയും ചെയ്തതോടെ പുതിയ മാനേജര്‍ വന്നിട്ടേ ഇറക്കുകയുള്ളൂവെന്ന് അധികൃതര്‍ പറയുകയായിരുന്നു.
തുടര്‍ന്ന് ഗോഡൗണിന്റെ അധിക ചുമതലയുള്ള എറണാകുളം ഏരിയ മാനേജര്‍ അശോകന്‍ വൈകിട്ടോടെ എത്തുകയും തൊഴിലാളികള്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തതോടെയാണ് ഗോഡൗണില്‍ ലോഡ് ഇറക്കിയത്.
സസ്‌പെന്‍ഷനിലായിട്ടും ഇന്നലെ കല്ല് ഗോഡൗണില്‍ സിറാജുദ്ധീന്‍ ജോലി ചെയ്തത് തിരി മറി നടത്തിയ സ്‌റ്റോക്ക് തിരികെയെത്തിക്കാനാണെന്ന ആക്ഷേപമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഗോഡൗണില്‍ പരിശോധന നടത്തിയ ജില്ലാ സപ്‌ളൈ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അന്ന് ക്രമക്കേട് കണ്ടെത്തിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.
ഇതിന് ശേഷം റേഷന്‍കടകളില്‍ നിന്ന് അരി കടത്തിയ സംഭവവും ഈ ഗോഡൗണുമായി ബന്ധപ്പെട്ടാണെന്ന ആരോപണമുയര്‍ന്നിട്ടും അന്വേഷണത്തിന് തയ്യാറാവാത്തത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
അതേസമയം സമയം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലന്നും ഗൂഢാലോചനയുടെ ഭാഗമാണ് തന്റെ സസ്‌പെന്‍ഷനെന്നുമാണ് നടപടി നേരിട്ട ഉദ്യോഗസ്ഥന്‍ പറയുന്നത്.

RELATED STORIES

Share it
Top