കല്ലായി പുഴ : കൈയേറ്റത്തിനെതിരേ നടപടി തുടങ്ങി പ്രതിഷേധത്തെ അവഗണിച്ച് ഉദ്യോഗസ്ഥര്‍ ജണ്ടകെട്ടി

കോഴിക്കോട്: മര വ്യവസായത്തിന്റെ മറവില്‍ കല്ലായി പുഴയോരത്തെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയിലെ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്പറേഷനും ചേര്‍ന്ന് പുഴ പറംമ്പോക്ക് അതിരുകളില്‍ ജെണ്ട കെട്ടുന്ന പ്രവൃത്തി തുടങ്ങി.
ജണ്ടകെട്ടുന്നതിനെതിരെ കയ്യേറ്റക്കാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തു വന്നത് നേരിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചെങ്കിലും പ്രതിഷേധങ്ങളെ മറികടന്ന് അധികൃതര്‍ ജണ്ടകെട്ടി. ഏറെ നാളത്തെ കോടതി വ്യവഹാരങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് കയ്യേറ്റ ഭൂമിയില്‍ അധികൃതര്‍ക്ക്് അതിര് നിശ്ചയിച്ച് ജണ്ട കെട്ടാനായത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് കല്ലായിപുഴ തീരങ്ങള്‍ സര്‍വേ ചെയ്തതിനെ തുടര്‍ന്ന് ഇരുപത്തിമൂന്നര ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായി കണ്ടെത്തുകയും നൂറിലധികം സ്ഥലങ്ങളില്‍ സര്‍വ്വേകല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്ഥാപിച്ച സര്‍വേകല്ലുകള്‍ രാത്രിയുടെ മറവില്‍ കാണാതാവുന്നത് പതിവായതോടെയാണ് ജില്ലാ കലക്ടറുടെ നേതൃത്യത്തില്‍ ജെണ്ട കെട്ടി സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
നഗരം വില്ലേജില്‍ കല്ലായി പാലത്തിനോട് ചേര്‍ന്ന മൂന്ന് സ്ഥലങ്ങളിലും, കസബ വില്ലേജില്‍ ഈസ്റ്റ് കല്ലായിയില്‍ രണ്ട് സ്ഥലങ്ങളിലുമാണ് പ്രവൃത്തി നടന്നത്. മൂന്ന് മാസം മുമ്പ് ജില്ലാ കലക്ടറുടെയും, മേയറുടെയും നേതൃത്വത്തില്‍ ജെണ്ട കെട്ടുന്നതിന് എത്തിയ ഉദ്യോഗസ്ഥരെ കോടതി സ്റ്റേ ഉണ്ടെന്ന് പറഞ്ഞു പ്രവൃത്തി തടസ്സപ്പെടുത്തിയിരുന്നു. ഇന്നലെ സബ് കലക്ടര്‍ വിഘ്‌നേശ്വരി, അഡീഷണല്‍ തഹസില്‍ദാര്‍ അനിതാകമാരി, ലോ ഓഫീസര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഉദ്യേഗസ്ഥരെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച കയ്യേറ്റക്കാര്‍ക്കെതിരെ കല്ലായി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സംഘടിച്ചു.
ഇതോടെ പ്രവൃത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. പിന്നീട് പോലിസിന്റെ നിയന്ത്രണത്തിലാണ് പ്രവൃത്തിനടന്നത്.വട്ടാംപൊയില്‍ ഭാഗത്തെ പാതാറിനോട് ചേര്‍ന്ന മൂരിയാട് റോഡില്‍ എത്തിയ ഉദ്യോഗസ്ഥരെ മരമില്ലുടമയുടെ നേതൃത്വത്തില്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു വഴിവച്ചത്. ജണ്ട സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും കൈയ്യേറ്റ ഭൂമിയല്ലെന്നും പറഞ്ഞ് ഒരു സംഘം പ്രവൃത്തി തടസ്സപെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സ്ഥലത്ത് സംഘടിച്ച കല്ലായിപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും നേരിയ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. പ്രവൃത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരെ ചെമ്മങ്ങാട് എസ്‌ഐ പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള പോലിസ് പിടിച്ചുമാറ്റി. സ്ഥലത്ത് കൂടുതല്‍ പോലിസ് എത്തുകയും ജണ്ട കെട്ടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ജണ്ട കെട്ടല്‍ പണി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED STORIES

Share it
Top