കല്ലായിപ്പുഴ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്: കല്ലായി പുഴയോരത്തെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും പുഴയും മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചത് സര്‍വേയില്‍ കണ്ടെത്തുകയും സര്‍ക്കാര്‍ സര്‍വ്വേകല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തത് നിരന്തരമായി നഷ്ടപ്പെടുന്നത് തടയുന്നതിന് “ജെണ്ട കെട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നവരെ പൊതു സമൂഹം തിരിച്ചറിയണമെന്ന് കല്ലായി പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ വന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് വാടക വാങ്ങുന്നവരാണ്. ഇതിലൂടെ ലക്ഷങ്ങളുടെ റവന്യൂ വരുമാനമാണ് സര്‍ക്കാറിന് നഷ്‌പ്പെടുന്നത്. പൊതുമുതല്‍ കയ്യേറി അധികാരം സ്ഥാപിച്ച് ലാഭം കൊയ്യുന്നവര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് ജെണ്ടകെട്ടുന്നതിനെ എതിര്‍ക്കുന്ന നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ എട്ടിന് വൈകീട്ട് നാല്  മുതല്‍ കല്ലായി പുഴയോരത്ത് നടക്കും. കല്ലായിപുഴ നവീകരണത്തിന് റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന്— അനുവദിച്ച നാല് കോടി തൊണ്ണൂറ് ലക്ഷം രൂപ വിനിയോഗിക്കാന്‍ സാധിക്കാത്തതും കയ്യേറ്റക്കാരുടെ സമ്മര്‍ദം കാരണമാണ്.  കല്ലായിയില്‍ മര വ്യവസായവും കല്ലായി പുഴയും ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വ്യവസായവും പുഴയും ഇല്ലാതാക്കിയത് ലാഭ കൊതിയുള്ള ചില കച്ചവടക്കാരാണെന്നും യോഗം ആരോപിച്ചു.
മര വ്യവസായത്തിന് വേണ്ടി ലീസിന് നല്‍കിയ സ്ഥലങ്ങളില്‍ പലരും വ്യാജ രേഖയുണ്ടാക്കി നിരവധി തവണ കൈമാറ്റം നടത്തിയവരുണ്ട്.
ഇത്തരം സ്ഥലങ്ങളില്‍ ഹോസ്പിറ്റല്‍ വേസ്റ്റ് സൂക്ഷിക്കുന്നതിന് പോലും വാടകക്ക് നല്‍കിയിട്ടുണ്ട്. മരമില്ലുകള്‍ പൊളിച്ച് ഗോഡൗണുകളാക്കി മാറ്റിയതും സര്‍ക്കാര്‍ ലീസ് ഭൂമികള്‍ക്ക് വ്യാജ പ്രമാണങ്ങള്‍ ഉണ്ടാക്കി ഉടമസ്ഥാവകാശം സ്ഥാപിക്കുന്നവരുടെ കയ്യേറ്റഭൂമികള്‍ സര്‍ക്കാറിലേക്ക് കണ്ട് കെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ് കെ കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി, പി പി ഉമ്മര്‍ കോയ, എം പി മൊയ്തീന്‍ ബാബു, കെ പി രാധാകൃഷ്ണന്‍, ഇ ഉസ്സന്‍കുട്ടി, എസ് വി അശറഫ്, അമ്മാന്‍ കുണ്ടുങ്ങല്‍, മുജീബ് എം പി, എം നൂര്‍ മുഹമ്മത്, ഇ മുജീബ്, എം പി മന്‍സൂര്‍ ,കെ പി മന്‍സൂര്‍ സാലിഹ് സംസാരിച്ചു.

RELATED STORIES

Share it
Top