കല്ലാച്ചി വാണിമേല്‍ റോഡ് ചളിക്കുളമായി; ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു

നാദാപുരം: പുനര്‍നിര്‍മിക്കാനായി പൊളിച്ച കല്ലാച്ചി- വാണിമേല്‍ റോഡ് ചളിക്കുളമായി. റോഡ് അടിയന്തരമായി വാഹനഗതാഗതത്തിന് അനുയോജ്യമാക്കാത്ത പക്ഷം ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ഉടമകള്‍ മുന്നറിയിപ്പ്്് നല്‍കി. അടുത്ത ദിവസം ചേരുന്ന ബസ്സുടമകളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ഒരു വര്‍ഷം മുമ്പ് ഫണ്ടനുവദിച്ച റോഡിന്റെ പണി ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. നാല് ഓവുപാലങ്ങളുടെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. കല്ലാച്ചി മുതല്‍ ചിയ്യൂര്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരമാണ് ഇനി പണി നടത്താനുള്ളത്. ബാക്കി ഭാഗങ്ങളില്‍ നേരത്തെ പുനര്‍നിര്‍മാണം നടത്തിയിരുന്നു. ഫെബ്രുവരി മുതല്‍ ഒച്ച് ഇഴയുന്ന വേഗതയിലാണ് പണി നടക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. കാസര്‍ക്കോട്ടുകാരനായ ഒരാളാണ് റോഡിന്റെ പണി ഏറ്റെടുത്തിട്ടുള്ളത്. റോഡ് വീതി കൂട്ടി പത്ത് മീറ്ററാക്കി ചെയ്യേണ്ട പണിക്ക് ആദ്യ ഘട്ടങ്ങളില്‍ ചില തടസ്സ ങ്ങള്‍ ഉണ്ടായിരുന്നെങ്കിലും  മഴക്ക് മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ ഉല്‍സാഹിക്കാതിരുന്നതാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറാവാന്‍ കാരണം. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ ഭാഗത്ത് ക്വാറി വെയിസ്റ്റിട്ട് താല്‍ക്കാലികമായെങ്കിലും സഞ്ചാര യോഗ്യമാക്കാന്‍ ജനപ്രതിനിധികളും മനസ്സുവെക്കുന്നില്ല. റോഡിന്നിരുവശവും ഇടിച്ചു മാറ്റിയെങ്കിലും ഓവുചാല്‍ പണിയാത്തതിനാല്‍ മഴവെള്ളം മുഴുവന്‍ നടുറോഡിലൂടെ ഒഴുകുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ സ്‌കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ പലപ്പോഴും ചളിയില്‍ കുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ്. ഡീസല്‍ വില വര്‍ധന മൂലം പ്രയാസപ്പെടുന്ന ബസ് സര്‍വീസിന് ഈ റോഡിലൂടെയുള്ള യാത്ര ഏറെ നഷ്ടം വരുത്തിവെക്കുന്നതായി ഉടമകള്‍ പറയുന്നു.
എല്ലാ ദിവസവും അറ്റകുറ്റപ്പണി നടത്തേണ്ടുന്ന അവസ്ഥയാണത്രെ ബസ്സുകള്‍ക്ക്. കിട്ടുന്ന വരുമാനം ബസിന് തന്നെ ചെലവാക്കേണ്ടി വരുന്നതിനാല്‍ ഉടന്‍ സര്‍വീസ് നിര്‍ത്തിവെക്കാനാണ് ബസ്സുടമകള്‍ ആലോചിക്കുന്നത്.

RELATED STORIES

Share it
Top