കല്ലാച്ചി-വാണിമേല്‍ റൂട്ടില്‍ ഓട്ടോ-ടാക്‌സി സര്‍വീസ് നിര്‍ത്തുന്നു

നാദാപുരം: പൊട്ടിപ്പൊളിഞ്ഞ് യാത്ര ചെയ്യാന്‍ പറ്റാതായ കല്ലാച്ചി-വാണിമേല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ജൂലൈ മൂന്നാം വാരം മുതല്‍ അനിശ്ചിതമായി സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്‍ അറിയിച്ചു.
കല്ലാച്ചി വാണിമേല്‍ റോഡില്‍ രണ്ടര കിലോമീറ്റര്‍ ദൂരം പുനര്‍നിര്‍മാണം നടത്താന്‍ ഫണ്ട് അനുവദിച്ചിട്ട് രണ്ട് വര്‍ഷമായി. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പണി ആരംഭിച്ചത്. ദിവസവും വിരലിലെണ്ണാവുന്ന പണിക്കാരെ മാത്രം വച്ച് പണി നടക്കുന്നതിനാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഓവുപാലങ്ങളുടെ പണി മാത്രമാണ് പൂര്‍ത്തിയായത്. റോഡ് വീതി കൂട്ടി അഴുക്ക് ചാലുകള്‍ പണിയാത്തതിനാല്‍ മഴവെള്ളം റോഡിലെക്കൊഴുകി റോഡ് കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്.
അതിനാല്‍ കാല്‍നടയാത്ര പോലും പറ്റാത്ത സ്ഥിതിയാണിപ്പോള്‍. റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് സൗകര്യമൊരുക്കണമെന്ന് മോട്ടോര്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
അതേസമയം, ഈ റോഡ് കടന്നു പോകുന്ന പഞ്ചായത്ത് ജനപ്രതിനിധികള്‍ സാധാരണക്കാരന്റെ പ്രയാസം പരിഹരിക്കാന്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top