കല്ലാച്ചി തെരുവന്‍പറമ്പില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

നാദാപുരം: കല്ലാച്ചി തെരുവന്‍പറമ്പില്‍ റോഡരികില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. തെരുവന്‍പറമ്പ്  പയന്തോങ്ങ് റോഡില്‍ പുളീക്കണ്ടി അമ്പിടാണ്ടി പറമ്പുകള്‍ക്ക് ഇടയിലുള്ള റോഡിനോട് ചേര്‍ന്ന ഇടവഴിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ വഴിയാത്രക്കാരായ നാട്ടുകാര്‍ ബോംബ് കണ്ടതിനെ തുടര്‍ന്ന് നാദാപുരം പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. സാമൂഹ്യവിരുദ്ധര്‍ റോഡിലെറിഞ്ഞ ബോംബ് പൊട്ടാതെ പാതി അടര്‍ന്ന നിലയില്‍ പുല്ലുകള്‍ക്കിടയില്‍ കിടക്കുന്ന നിലയിലായിരുന്നു. ബോംബിനുള്ളില്‍ നിന്ന് വെടിമരുന്നും മറ്റും റോഡില്‍ ചിതറി കിടന്നിരുന്നു.
നാദാപുരം പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. കരിങ്കല്‍ ചീളുകളും കുപ്പി ചില്ലുകളും ആണിയും  വെടിമരുന്നും നിറച്ചാണ് ബോംബ് നിര്‍മിച്ചതെന്നും പുതിയതാണെന്നും ബോംബ് സ്‌ക്വാഡ് പറഞ്ഞു.
തെരുവന്‍ പറമ്പില്‍ ആഴ്ചകള്‍ക്ക് മുമ്പ് സിപിഎം പ്രവര്‍ത്തകരായ രണ്ട് പേരുടെ കടകള്‍ സാമൂഹ്യ ദ്രോഹികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. തീവെച്ച് നശിപ്പിച്ച കടകള്‍ സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ചയാണ് പുനര്‍നിര്‍മിച്ച് ഉദ്ഘാടനം ചെയ്തത്. തീവെപ്പ് സംഭവത്തില്‍ നാദാപുരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. തീവെപ്പ്സ്ഥലം സന്ദര്‍ശിച്ച റൂറല്‍ എസ്പി എം കെ പുഷ്‌കരന്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പറഞ്ഞെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

RELATED STORIES

Share it
Top