കല്ലാച്ചി ആര്‍എസ്എസ് ഓഫിസ് മുറ്റത്ത് ഐഇഡി ബോംബ് കണ്ടെത്തി

നാദാപുരം: കല്ലാച്ചി കോടതി റോഡിലെ ആര്‍എസ്എസ് കാര്യാലയത്തിന്റെ മുറ്റത്ത് ഉഗ്ര ശേഷിയുള്ള ഐഇഡി ബോംബ് കണ്ടെത്തി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നര മണിയോടെയാണ് ബോംബ് കണ്ടത്. സമീപവാസിയായ യുവാവ് ഓഫിസിന് പിന്‍ ഭാഗത്തെ വഴിയിലൂടെ പോകുമ്പോഴാണ് ചുവന്ന സെല്ലോ ടാപ്പില്‍ പൊതിഞ്ഞ നിലയില്‍ വസ്തു കണ്ടെത്തിയത്.
തുടര്‍ന്ന് നാദാപുരം പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ആവോലം അയ്യപ്പ ക്ഷേത്രപരിസരത്ത് നിന്നും ഇതേ ഇനത്തില്‍ പെട്ട ബോംബ് കണ്ടെത്തിയിരുന്നു.
നാദാപുരം എസ്‌ഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലിസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ബോംബ് കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിലേക്ക് മാറ്റി. കണ്ണൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് നിന്നെത്തിയ ബോംബ് സ്‌ക്വാഡ് അധികൃതരും, പയ്യോളിയില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് അധികൃതരും ചേര്‍ന്ന് മണിക്കൂറുകളെടുത്താണ് ബോംബ് നിര്‍വീര്യമാക്കിയത്.
പന്ത്രണ്ട് സെന്റീമീറ്റര്‍ നീളമുള്ള പിവിസി പൈപ്പിനുള്ളില്‍ വെടിമരുന്ന് നിറച്ച ശേഷം  ബാറ്ററിയുമായും ഇലക്ട്രോണിക് സര്‍ക്യൂട്ട് ബോര്‍ഡുമായും ഘടിപ്പിച്ച നിലയിലായിരുന്നു. രണ്ട് വയറുകള്‍ ബാറ്ററിയുമായി കണക്റ്റ് ചെയ്ത ശേഷം രണ്ട് സ്വിച്ചുമായും ബന്ധിപ്പിച്ചിരുന്നു. ഇതില്‍ ഒരു സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
രണ്ടാമത്തെ സ്വിച്ച് ഓണ്‍ ചെയ്യുമ്പോളോ, സ്പാര്‍ക്കിങ് ഉണ്ടാവുമ്പോളോ, സ്‌ഫോടനം നടക്കുന്ന വിധമാണ് ബോംബ് സെറ്റ് ചെയ്തിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ബോംബിന്റെ പ്ലാസ്റ്റിക് കവര്‍ നീക്കം ചെയ്ത ശേഷം അതിവിദഗ്ദമായാണ് പരസ്പരം ബന്ധിപ്പിച്ചിരുന്ന പിവിസി പൈപ്പുകള്‍ വേര്‍പ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിന് രാവിലെ ആവോലം അയ്യപ്പ ഭജന മഠത്തിന് സമീപം റോഡില്‍ നിന്ന് സമാന രീതിയിലുള്ള ഐ ഇ ഡി ബോംബ് കണ്ടെത്തിയിരുന്നു. ഉത്തരേന്ത്യയില്‍ ഭീകരാക്രമണത്തില്‍ ഉപയോഗിക്കപ്പെട്ട അതേ ഇനത്തില്‍ പെട്ടതാണ്  ഇന്നലെ കണ്ടെടുത്ത ബോംബ്. രണ്ട് ബോംബുകളും തമ്മില്‍ ഏറെ സാമ്യതകളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
സമീപകാലത്തായി മൂന്ന് തവണ മേഖലയില്‍ നിന്ന് ഇത്തരത്തിലുള്ള വ്യാജ ഐ ഇ ഡി ബോംബുകള്‍ കണ്ടെത്തിയിരുന്നു.ഐ ജിയുടെ സ്—ക്വാഡിലെ ബോംബ് സ്—ക്്വാഡ് ഇന്‍സ്‌പെക്ടര്‍ എ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബ് നിര്‍വ്വീര്യമാക്കിയത്.

RELATED STORIES

Share it
Top