കല്ലട ജലസേചന പദ്ധതിയിലെ ക്രമക്കേട് : ആറുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതിയിലെ ക്രമക്കേട് നടന്നെന്ന കേസില്‍ അഞ്ച് എന്‍ജിനീയര്‍മാരും ഒരു കരാറുകാരനുമടക്കം ആറുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടേതാണ് വിധി. സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിദ്യാദര്‍, അബ്ദുല്‍ഹമീദ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ പി ടി തോമസ്, രാമചന്ദ്രന്‍ നായര്‍, മുരളീധരന്‍, നാരായണസ്വാമി, കരാറുകാരനായ ഇസ്മയില്‍കുട്ടി എന്നിവരാണു പ്രതികള്‍. എട്ടു പ്രതികളുണ്ടായിരുന്ന കേസിലെ ഒന്നാംപ്രതിയും ആറാംപ്രതിയും വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. അഴിമതി നിരോധന നിയമമടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 1992-93 കാലയളവില്‍ കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാല്‍ പദ്ധതിയിലെ കെല്ലക മൈനര്‍ ഡിസ്ട്രിബ്യൂട്ടറിയുമായി ബന്ധപ്പെട്ട ജോലിയിലെ കരാറില്‍ തിരിമറി നടത്തി സര്‍ക്കാരിന് 37 ലക്ഷം നഷ്ടടം വരുത്തിയെന്നാണു വിജിലന്‍സ് കേസ്. കൊല്ലം വിജിലന്‍സ് യൂനിറ്റാണ് അന്വേഷണം പൂര്‍ത്തിയാക്കി 2008ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 500 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് 1986ല്‍ 700 കോടി രൂപ ചെലവില്‍ തെന്‍മല പരപ്പാര്‍ ഡാമും കനാല്‍ ശൃംഖലയും കെഐപി പണികഴിപ്പിച്ചത്. പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, അടൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയില്‍ നിന്നും ജലമെത്തുന്നത്.

RELATED STORIES

Share it
Top