കല്ലടത്തൂര്‍ ഗോഖലെ സ്‌കൂളിന് ബസ് ഇനിയും യാഥാര്‍ഥ്യമായില്ല

പടിഞ്ഞാറങ്ങാടി: കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് ആകുമ്പോഴും സ്വന്തമായി ഒരു ബസ് എന്നത് സ്വപ്‌നമായി അവശേഷിക്കുന്നു. സ്‌കൂള്‍ ബസ് യാഥാര്‍ഥ്യമാവാത്ത നിരാശയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. പൂര്‍വവിദ്യാര്‍ഥികളും പ്രാസികളും ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ബസിനായി പിരിവ് നടത്തിയിരുന്നു. കൂടാതെ അഡ്മിഷന്‍ സമയത്ത് രക്ഷിതാക്കളില്‍ നിന്നും ഈ പേരില്‍ സംഭാവനയും വാങ്ങിയിരുന്നു. കഴിഞ്ഞ പ്രവേശനോല്‍സവ ചടങ്ങില്‍ ഒന്നോ രണ്ടോ മാസത്തിനകം ബസ് യാഥാര്‍ഥ്യമാവുമെന്നും ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു. പിന്നീട് തീരുമാനമൊന്നുമില്ലാതെ ഇതുനീണ്ടു പോയി. അതിനിടെ, ബസ് സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ചില വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മാറുകയും ചെയ്തു. പിരിവ് നടത്തി കിട്ടിയതിനു പുറമെ അധ്യാപകരുടെ വിഹിതവും ചേര്‍ത്ത് ബ—ജറ്റിന്റെ പകുതിയോളം മാത്രമേ ആയിട്ടുള്ളൂവെന്നും വാഗ്ദാനം ചെയ്ത തുക പലരും ഇതുവരെ നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ജനപ്രതിനിധികള്‍ മുഖേന മറ്റു വിധത്തില്‍ ഫണ്ട് കണ്ടെത്തുന്നതിന് ശ്രമിച്ചെങ്കിലും ഉപജില്ലയിലെ മറ്റു ചില സ്‌കൂളുകള്‍ക്ക് ഈയിനത്തില്‍ ഫണ്ട്അനുവദിച്ചനാല്‍ അതും നടക്കാതെ വരികയായിരുന്നു. പ്രദേശങ്ങളില്‍ സ്വന്തമായി വാഹനമില്ലാത്ത ഏക വിദ്യാലയവും ഗോഖലെ സ്‌കൂള്‍ മാത്രമാണ്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് യാത്രാസൗകര്യം തീരെ പരിമിതമായ ഉള്‍പ്രദേശത്തായതിനാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളിലെത്തിപ്പെടാന്‍ ഏറെ പാടുപെടുന്നു.

RELATED STORIES

Share it
Top