കല്യാണമണ്ഡപ ദുരന്തം : മരണം 24 ആയിജയ്പൂര്‍: ഭരത്പൂര്‍ ജില്ലയില്‍ കല്യാണമണ്ഡപം തകര്‍ന്ന്് മരിച്ചവരുടെ എണ്ണം 24 ആയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കല്യാണമണ്ഡപം ഉടമയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. കനത്ത കാറ്റിലും മഴയിലും 12 അടി ഉയരമുള്ള മണ്ഡപത്തിന്റെ ചുമര് തകരുകയായിരുന്നു. വിവാഹം നടന്നുകൊണ്ടിരിക്കെയാണ് ചുമര് തകര്‍ന്നത്. ഭരത്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ അനുമതിയില്ലാതെയായിരുന്നു കല്യാണമണ്ഡപം പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് മൂന്നു കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവ ഏഴു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി കാളി ചരണ്‍ സരഫ് വാര്‍ത്താലേഖകരെ അറിയിച്ചു. അപകടത്തെക്കുറിച്ച് ഒരു കമ്മിറ്റി അന്വേഷിക്കും. കല്യാണമണ്ഡപങ്ങളുടെ സുരക്ഷയെക്കുറിച്ച് മറ്റൊരു കമ്മിറ്റിയും സര്‍വേ നടത്തും. അപകടത്തില്‍പ്പെട്ടവരെ ചികിത്സിക്കുന്നതില്‍ ആര്‍ബിഎം ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയോ എന്ന് മൂന്നാമത്തെ കമ്മിറ്റിയും അന്വേഷിക്കുമെന്നു മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ, മുന്‍മന്ത്രി അശോക് ഗെഹ്്്‌ലോട്ട് എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി.ആരോഗ്യമന്ത്രി ആര്‍ബിഎം ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. അപകടത്തില്‍പ്പെട്ടവരെ കൊണ്ടുവരുമ്പോള്‍ ആശുപത്രിയില്‍ പവര്‍കട്ടായിരുന്നു. അതിനാല്‍ ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ ക്ലേശിച്ചു. പത്ത് മിനിറ്റിനു ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണോ പവര്‍കട്ടിന് കാരണമെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴ പെയ്തുകൊണ്ടിരിക്കേ തുടര്‍ന്നും ഇടയ്ക്കിടെ പവര്‍കട്ടുണ്ടായത് ഇരകള്‍ക്ക് ചികില്‍സ നല്‍കുന്നതിന് വിഘാതമായി. ആശുപത്രിയിലെ ജനറേറ്റര്‍ കേടായിരുന്നുവെന്നും ഒരു ഇന്‍വെര്‍ട്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അര ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. കേന്ദ്രസര്‍ക്കാരും അതേ തുക സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top