കലോത്സവത്തിന് വ്യാജ അപ്പീല്‍: തൃശൂര്‍, കോഴിക്കോട് സ്വദേശികള്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍  വ്യാജ അപ്പീലുകള്‍ നല്‍കിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരു നൃത്താധ്യാപകനും അപ്പീല്‍ തയ്യാറാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സഹായിയുമാണ് കസ്റ്റഡിയിലുള്ളതെന്ന് പോലിസ് പറഞ്ഞു. തൃശൂര്‍ ചേര്‍പ്പ്  സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.  ഇവരെ തൃശ്ശൂര്‍ പോലീസ് ക്ലബില്‍ ഐ.ജി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
പത്ത് വ്യാജ അപ്പീലുകളാണ് കലോല്‍സവത്തില്‍ ഹാജരാക്കപ്പെട്ടത് .  സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരിലായിരുന്നു വ്യാജ അപ്പീലുകള്‍ ഹാജരാക്കപ്പെട്ടത്. വിവിധ ഇനങ്ങളിലായി എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള മല്‍സരാര്‍ഥികളുടെ പേരിലാണ് വ്യാജ അപ്പീലുകള്‍ ഹാജരാക്കിയത്. വലിയൊരു മാഫിയ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മുന്‍ കലോല്‍സവങ്ങളിലും ഇത്തരത്തില്‍ വ്യാജ അപ്പീലുകള്‍ ഹാജരാക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED STORIES

Share it
Top