കലൂരില്‍ കെട്ടിടം തകര്‍ന്ന സംഭവം വിദഗ്ധസമിതി ഇന്ന് അന്വേഷണം ആരംഭിക്കും

കൊച്ചി: കലൂരില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിനായി രൂപീകരിച്ച വിദഗ്ധ സമിതി കലക്ടറുടെ നേതൃത്വത്തില്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. സമഗ്രാന്വേഷണം നടത്തുന്നതിനു മുന്നോടിയായാണു സംഘം സ്ഥലം സന്ദര്‍ശിച്ചത്.
ഇന്നു കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ശേഷം അന്വേഷണം ആരംഭിക്കുമെന്നു വിദഗ്ധ സമിതി അംഗവും സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധനുമായ ഡോ. അനില്‍ ജോസഫ് അറിയിച്ചു. സമഗ്രാന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണു ജില്ലാ ഭരണകൂടം വിദഗ്ധ സമിതിക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കെട്ടിടം തകരാനുള്ള കാരണമാണു പ്രധാനമായും അന്വേഷിക്കുന്നത്. കെട്ടിട നിര്‍മാണത്തിനു കോര്‍പറേഷന്‍ നല്‍കിയ ബില്‍ഡിങ് പെര്‍മിറ്റും പരിശോധിക്കും.
കെട്ടിടം തകര്‍ന്നുവീണ സ്ഥലത്തു പുനര്‍ നിര്‍മാണത്തിനു സാധ്യതയുണ്ടോയെന്നും വിദഗ്ധ സമിതി പരിശോധിക്കുന്നുണ്ട്. കെട്ടിടത്തിന്റെ പ്രാഥമിക രൂപരേഖയും വിലയിരുത്തലുകള്‍ക്കു വിധേയമാക്കും. തുടര്‍ന്നു സമര്‍പ്പിക്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. അപകടത്തെ തുടര്‍ന്നു തകര്‍ന്ന റോഡ് ഇന്നു ഗതാഗത യോഗ്യമാക്കും. പിഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ റോഡിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. പണി പൂര്‍ത്തിയാക്കി പരിശോധനകള്‍ക്കു ശേഷം ഇന്നു വൈകീട്ടോടെയോ, നാളെ രാവിെലയോ റോഡ് ഗതാഗതത്തിനായി പൂര്‍ണമായും തുറന്നുകൊടുക്കും.
പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ച സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്  അപകടത്തില്‍ തകര്‍ന്ന റോഡ് പിഡബ്ല്യുഡി പുനര്‍നിര്‍മിച്ചു തുടങ്ങിയത്.
റോഡ് പുനര്‍നിര്‍മിക്കാനാവശ്യമായ തുക  കെട്ടിടം നിര്‍മാണത്തിനെടുത്ത കരാര്‍ കമ്പനിയോട് സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top