കലുങ്ക് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് സര്‍വകക്ഷിയോഗം

മുക്കം: തോട്ടുമുക്കം പ്രദേശത്തുകാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള പ്രധാന റോഡായ വാലില്ലാപുഴ-തോട്ടുമുക്കം റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി കലുങ്കുകള്‍ പൊളിച്ചു പണിയാനുള്ള ജില്ലാപഞ്ചായത്തിന്റെ നീക്കം നിര്‍ത്തിവയ്ക്കണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. കുഴിനക്കിപാറ പാലം പണി നടക്കുന്നതിനാല്‍ ആ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ബദല്‍ മാര്‍ഗമായി ബസ് സര്‍വ്വീസുകള്‍ വാലില്ലാപുഴ വഴിയാണ് തിരിച്ചു വിട്ടിരുന്നത്. ആ റോഡിലുള്ള കലുങ്കുകള്‍ പൊളിച്ച് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാല്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അടക്കം നിരവധി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ ഇടവരും. ഇത് ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും.അതിനാല്‍ നിലവിലെ പാലം പണി തീരുന്നതുവരെ കലുങ്ക് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് തോട്ടുമുക്കത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ സി നാടികുട്ടി അധ്യക്ഷത വഹിച്ചു. ജോണി ,വി കെ അബു, ഹനീഫ തിരൂനിലത്ത്, ടി വി മാത്യു, ഒ എ ബെന്നി, സത്യന്‍ ചൂരകായി, പഞ്ചായത്തംഗം വി എ സണ്ണി, ടി എല്‍ ബിനോയ് സംസാരിച്ചു.

RELATED STORIES

Share it
Top