കലിയടങ്ങാതെ കൊമ്പന്‍മാര്‍; മൂന്നാംദിവസവും ജനം ഭീതിയില്‍

പറളി: ജനവാസകേന്ദ്രത്തില്‍ നിലയുറപ്പിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാനകള്‍ വള്ളിക്കോടന്‍ മലകയറി. മൂന്നു ദിവസങ്ങളിലായി വനംവകുപ്പിനെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ രണ്ടാംഗ കാട്ടാനസംഘമാണ് ഇന്നലെ വൈകീട്ടോടെ വള്ളിക്കോടന്‍ മലകയറിയത്. മൂന്നുദിവസത്തോളം മുണ്ടുര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ ഭീതി വിതച്ച കാട്ടാന ഇന്നലെ പുലര്‍ച്ചെയോടെ പറളി പഞ്ചായത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. കല്‍പ്പാത്തി പുഴയുടെ തീരമായ പറളികടവിലാണ് കാട്ടാനകള്‍ തമ്പടിച്ചത്.
മണിക്കൂറോളം പറളിപുഴയില്‍ നീരാട്ടും കളിയും കഴിഞ്ഞ കാട്ടാനകളെ വനം വകുപ്പും പോലിസും റവന്യൂം സംഘവും പടക്കം എറിഞ്ഞ് ഓടിക്കുകയായിരുന്നു. ഇന്നലെ രാവിലെ കാട്ടാനകളെത്തിയത് അറിഞ്ഞതോടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പറളി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി നല്‍കി. കാട്ടാനകളെ കാണാനെത്തുന്ന ജനക്കൂട്ടവും പോലിസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കി. പറളിക്കടവ് ഭാഗത്തെ റോഡിലേക്കുള്ള വാഹനഗതാഗതവും പോലിസ് നിയന്ത്രിച്ചു. വള്ളിക്കോടന്‍ മല കയറിയ ആനകള്‍ തിരിച്ചുവരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. മുന്‍പും ഇതേ മേഖലയില്‍ കാട്ടാനകളിറങ്ങി മൂന്നുദിവസം ആശങ്ക സൃഷ്ടിച്ചിരുന്നു. തിരുവില്വാമല അയ്യര്‍മലയില്‍േക്കു കയറ്റിവിടാനാണ് വനം വകുപ്പ് ശ്രമം നടത്തുന്നത്.
ആനകള്‍ ജനവാസ മേഖലയില്‍ തന്നെ തുടരുകയാണെങ്കില്‍ വിദഗ്ധ സംഘത്തെ എത്തിച്ച് കാട്ടിലേക്ക് കയറ്റി വിടാനും ജില്ലാഭരണംകൂടം ആലോചിക്കുന്നുണ്ട്.  ഇതു മൂന്നാംതവണയാണു പറളി മേഖലയില്‍  കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങി ഭീതിപരത്തുന്നത്. ബുധനാഴ്ച വൈകീട്ട് മൂണ്ടുരില്‍ ചുമുട്ട് തൊഴിലാളിയെ ചവിട്ടി കൊന്ന കാട്ടാനകള്‍ വ്യാഴാഴ്ച റേഷന്‍കട തകര്‍ത്ത് ഉള്ളില്‍ കയറി അരി, ഗോതമ്പ് ചാക്കുകള്‍ പുറത്തെടുത്ത് നശിപ്പിച്ച ശേഷമാണ് പറളി ഭാഗത്തേക്ക് കടന്നത്.

RELATED STORIES

Share it
Top