കലിതുള്ളി കാലവര്‍ഷം; ഭീതിയൊഴിയാതെ മലയോരമേഖല

മുക്കം: മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടിയതോടെ മുക്കം നഗരസഭയിലേയും കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലേയും താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ബുധനാഴ്ച പുലര്‍ച്ചെയോടെ കാരശേരി സണ്ണിപ്പടിയില്‍ ഉരുള്‍പൊട്ടിയ ഏക്കര്‍ കണക്കിന് കൃഷി നശിച്ചു. ആളപായമില്ല. ഇരുവഴിഞ്ഞിപ്പുഴയില്‍ ശക്തമായ മലവെള്ളപാച്ചിലില്‍ തൃക്കുടമണ്ണ തൂക്കുപാലം തകര്‍ന്നു. ഈ സമയം പാലത്തിലുണ്ടായിരുന്ന 10 ഓളം ആളുകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിമിഷനേരംകൊണ്ട് പാലത്തിലേക്ക് വെള്ളം കയറുകയായിരുന്നു. ഇതോടെ തടപറമ്പ് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചേന്ദമംഗല്ലൂര്‍ പുല്‍പറമ്പ് പ്രദേശത്ത് വെള്ളം കയറിയതോടെ പ്രദേശം ഒറ്റപ്പെട്ടു. മൂന്ന് ദിവസം മുമ്പ് കയറിയ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. കച്ചേരിയില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. കാരശേരി പഞ്ചായത്തിലെ പുതിയോട്ടില്‍ കോളനി, കക്കാട് അങ്ങാടി, കാരമൂല, പൊയിലിങ്ങല്‍, അമ്പല കണ്ടി, പാറക്കല്‍, കല്‍പ്പൂര് ഭാഗങ്ങളില്‍ വെള്ളം കയറി. ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. കാരാട്ട് കോളനിയിലെ 50 ഓളം കുടുംബങ്ങളെ കാര മൂല ആസാദ് സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.  കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാട്ട് കോളനി മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കിടക്കുകയാണ്. ചെറുവാടി അങ്ങാടി, നെല്ലിക്കാപറമ്പ് വയല്‍, തെനേങ്ങ പറമ്പ് എന്നിവിടങ്ങളില്‍ വെള്ളം കയറി യതോടെ നിരവധി കുടുംബങ്ങള്‍ ഭീതിയിലാണ്.തെനേങ്ങപറമ്പില്‍ ലക്ഷക്കണക്കിന് രൂപയുടെ വാഴ, കപ്പ, കവുങ്ങ്കൃഷികള്‍ നശിച്ചു.വാലില്ലാപുഴ മുത്തോടില്‍ സ്വകാര്യ വ്യക്തിയുടെ ക്വാറിയില്‍ നിന്ന് മണ്ണിടിഞ്ഞ് നിരവധി വീട്ടുകാര്‍ ദുരിതത്തിലായി. 25 ഓളം കുടുംബങ്ങളുടെ കുടിവെള്ളത്തിനുള്ള ആശ്രയമായിരുന്ന രണ്ട് കിണറുകള്‍ പൂര്‍ണ്ണമായും മൂടിപ്പോയി. ഉരുള്‍പൊട്ടലിനേതിന് സമാനമായ രീതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. അശാസ്ത്രീയമായ രീതിയില്‍ മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top