കലാ സാംസ്‌കാരിക മേഖലയിലെ ചാലക ശക്തിയായി ബിനാലെ: കെപിഎംജി റിപോര്‍ട്ട്

തിരുവനന്തപുരം: രാജ്യത്തെ വിശിഷ്യാ കേരളത്തിലെ കലാസാംസ്‌കാരിക മേഖലയിലെ ചാലകശക്തിയായി കൊച്ചി മുസിരിസ് ബിനാലെ മാറിയെന്ന് പ്രഫഷനല്‍ സര്‍വേ സേവനദാതാക്കളായ കെപിഎംജിയുടെ റിപോര്‍ട്ട്. ടൂറിസം മേഖലയിലെ സാമ്പത്തിക കുതിച്ചുചാട്ടം, തൊഴിലവസര സൃഷ്ടി, സാംസ്‌കാരിക അടിസ്ഥാന സൗകര്യ വികസനം, ആധുനിക സമകാലീന കലയുടെ കേന്ദ്രമായി കൊച്ചിയുടെ രൂപാന്തരം എന്നിവ ബിനാലെയുടെ ഗുണഫലങ്ങളാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2016ലെ കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ റിപോര്‍ട്ടാണ് തയ്യാറാക്കിയിട്ടുളളത്. കേവലം മൂന്ന് ലക്കം കൊണ്ട് ഇന്ത്യയിലെ അറിയപ്പെടുന്ന സമകാലീന കലാവിരുന്നായി ബിനാലെ മാറി. പ്രാദേശിക കലാകാരന്‍മാര്‍ക്ക് ലഭിച്ച അവസരം, കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കല്‍, കൊച്ചിയിലെ പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, പൊതു സ്ഥലങ്ങളിലെ കലാസൃഷ്ടികള്‍ എന്നിവയെല്ലാം ബിനാലെയുടെ സംഭാവനകളാണ്. അന്താരാഷ്ട്ര സമകാലീന കലയുടെ ആഘോഷമെന്ന നിലയില്‍ കൊച്ചിയുടെയും പഴയ തുറമുഖ നഗരമായ മുസിരിസിന്റെയും സാര്‍വദേശീയമായ പൈതൃകം ഉണര്‍ത്താനും ബിനാലെയ്ക്ക് കഴിഞ്ഞെന്ന് 44 പേജുള്ള റിപോര്‍ട്ട് പറയുന്നു. സന്ദര്‍ശകര്‍, കലാകാരന്‍മാര്‍, വോളന്റിയര്‍മാര്‍, ബിസിനസുകാര്‍, കച്ചവടക്കാര്‍, പ്രാദേശികവാസികള്‍ എന്നിവരില്‍ നിന്ന് വിവരശേഖരണം നടത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിനും കേരളത്തിനുമിടയിലുള്ള കവാടമാണ് കൊച്ചി ബിനാലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെപിഎംജി റിപോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കലയിലെ വൈവിധ്യങ്ങളായ ആശയങ്ങളെയും സംസ്‌കാരങ്ങളെയും ബിനാലെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top