കലാശാല ബാബു - അഭിനയ പ്രതിഭ

പിഎഎം ഹനീഫ്

കൃഷ്ണന്‍ നായര്‍ ആശാന്റെ മകന്‍ ബാബു...
കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ച കലാശാല ബാബു അറിയപ്പെട്ടു തുടങ്ങിയത് പിതാവ് കലാമണ്ഡലം കൃഷ്ണന്‍ നായരുടെ പേരിലായിരുന്നു.
പല പ്രമുഖരുടെയും മക്കള്‍ അഭിനയരംഗത്ത് -അവര്‍ മികച്ച നാട്യാനുഭവങ്ങളൊന്നും കാഴ്ചവച്ചില്ലെങ്കിലും- മേല്‍വിലാസം സൃഷ്ടിച്ചത് പിതാക്കളുടെ ഓരം ചേര്‍ന്നാണ്.
മലയാളത്തില്‍ ഇതിന് രണ്ട് അപവാദങ്ങളുണ്ട്.എന്‍എന്‍ പിള്ളയുടെ മകന്‍ വിജയരാഘവനും കലാമണ്ഡലം കൃഷ്ണന്‍ നായരുടെ മകന്‍ ബാബുവും.
നാടക അരങ്ങ് തന്നെയാണ് ബാബുവിനെ വളര്‍ത്തിയത്. കൃഷ്ണന്‍ നായര്‍ ജീവിച്ചിരിക്കെ ബാബുവിന്റെ ക്ഷണപ്രകാരം ഒരു കമേഴ്‌സ്യല്‍ നാടകരചനയ്ക്ക് ഞാന്‍ കലാശാലയില്‍ ക്ഷണിക്കപ്പെട്ടു. ജയകേരള തിയേറ്റേഴ്‌സ് ഞാനെഴുതിയ അശ്വരഥം വിജയകരമായി അവതരിപ്പിക്കുന്ന കാലം. ചങ്ങനാശ്ശേരി നടരാജന്‍ അവതരിപ്പിച്ച ഗോവിന്ദന്‍ കുട്ടി മേനോന്‍ എന്ന ഫ്യുഡലിസ്റ്റ് പ്രമാണിയെ അവതരിപ്പിക്കാന്‍ ആദ്യം കണ്ടെത്തിയത് കലാശാല ബാബുവിനെ ആയിരുന്നു. തൃപ്പുണിത്തുറ അരവിന്ദാക്ഷ മേനോന് അങ്ങനെയൊരു കാസ്റ്റിങില്‍ താല്‍പര്യമുണ്ടായിരുന്നില്ല. കാരണം, ബാബു അക്കാലം മുഴുനീള മദ്യാസക്തിക്കാരന്‍ ആയിരുന്നു. പക്ഷേ, അശ്വരഥം വായിച്ചു കേട്ട ബാബു എന്നോടാവശ്യപ്പെട്ടു.
''എനിക്ക് പ്രധാന റോള്‍ ചെയ്യാന്‍ മാസ്റ്റര്‍ ഒരു നാടകം എഴുതി തരണം...''
കളമശ്ശേരിയില്‍ മുറിയും ബുക്ക് ചെയ്തു. പക്ഷേ, ആ പ്രൊജക്ട് നടന്നില്ല. കാരണം; കലാമണ്ഡലം കൃഷ്ണന്‍ നായര്‍ തന്നെ.
''ബാബുവത് അവതരിപ്പിക്കുമെന്ന പ്രതീക്ഷ മാസ്റ്റര്‍ക്കു വേണ്ട. കിട്ടിയ കാശൊക്കെ അവന്‍ നശിപ്പിക്ക്വല്ലേ.. എനിക്കും മനസ്സ് മടുത്തു. 1950 ല്‍ ജനിച്ച് മെയ് മാസം 14ന് ലോകത്തോടു വിടപറയുമ്പോള്‍ കലാശാല ബാബു മലയാളി പ്രേക്ഷകന്റെ മനസ്സില്‍ ചിരപ്രതിഷ്ഠനായി. ബാബുവിന് അഭിനയ കലയിലെ ലോകധര്‍മിയും നാട്യധര്‍മിയും എളുപ്പത്തില്‍ കരഗതമായിട്ടുണ്ട്.
കലാമണ്ഡലം ബാബുവിന്റെ ബാല്യകാല സ്മരണകള്‍ പാറിനടക്കുന്നത് നൃത്തശാലകളുടെയും അരങ്ങുകളുടെയും പശ്ചാത്തലത്തിലാണ്.
മകന്‍ കഥകളി വേഷം പഠിച്ചു നോക്കട്ടെ എന്ന് കൃഷ്ണന്‍ നായരാശാന്‍ ഉല്‍സാഹിച്ചതുമാണ്. പക്ഷേ, തന്റെ തട്ടകം നാടകമാണെന്ന് മനസ്സിലാക്കിയ ബാബു ഒ മാധവനെ ചെന്നുകണ്ടു. കൃഷ്ണന്‍ നായരാശാന്റെ മകന് കാളിദാസ കലാകേന്ദ്രത്തില്‍ ഇടംകിട്ടി. പക്ഷേ, അവിടെ ഒരൊറ്റ നാടകം മാത്രം കളിച്ച് ബാബു തിരുവനന്തപുരം കേന്ദ്രമാക്കി നാടക ട്രൂപ്പിന് ശ്രമം ആരംഭിച്ചെങ്കിലും പ്രാഥമിക ജോലികള്‍ക്കു ശേഷം അത് പൂര്‍ത്തിയാക്കാതെ 77ല്‍ ഇണയെ തേടി എന്ന ചലച്ചിത്രത്തില്‍ മുഖം കാണിച്ചു. അവിടെയും സ്ഥിരവാസമുണ്ടായില്ല. തുടര്‍ന്നാണ് ജഗന്നാഥ വര്‍മ, എം എസ് തൃപ്പൂണിത്തുറതുടങ്ങിയവര്‍ക്കൊപ്പം കലാശാല ആരംഭിച്ചത്. അന്ന് മുളന്തുരുത്തി കേന്ദ്രമാക്കി ഇടതുപക്ഷ തൊഴിലാളി യൂനിയന് നേതൃത്വം നല്‍കുന്ന തിലകന്‍ ബാബുവിന്റെ ശ്രദ്ധയില്‍ പെട്ടു. അവിടുന്നങ്ങോട്ട് കലാശാല വളരുകയായിരുന്നു. പിജെ ആന്റണിയുടെ ചില പഴയ നാടകങ്ങള്‍, ശ്രീമൂല നഗരം വിജയന്റെ 'ഗ്രാമം; എന്‍എന്‍ പിള്ളയുടെ 'മലയും മനുഷ്യരും'' തുടങ്ങിയ നാടകങ്ങളിലൂടെ കലാശാല പ്രഫഷനല്‍ ട്രൂപ്പുകളില്‍ രണ്ടാം നിരയിലെത്തി. സ്ഥിരത എന്നത് തന്റെ നിഘണ്ടുവിലില്ലാഞ്ഞിട്ടാവാം ബാബു സ്വന്തം സമിതി എന്ന ആശയം കുളമാക്കി. പെല്ലിശ്ശേരി, തിലകന്‍, ലോഹിതദാസ് എന്നിവര്‍ അക്കാലം ചാലക്കുടി  കേന്ദ്രമാക്കി 'സാരഥി' തിയേറ്റേഴ്‌സ് ആരംഭിച്ചു. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ നാടകത്തില്‍ പ്രധാനവേഷം ബാബു ചെയ്തു.
ടെലവിഷന്‍ സീരിയലുകള്‍ അക്കാലം ജനപ്രീതി നേടി തുടങ്ങിയിരുന്നു. ബാബുവിന്റെ റൗഡി ദാസപ്പന്‍ 'കാള' സീരിയലിലൂടെ പ്രേക്ഷകരുടെ ഹരമായി. തുടര്‍ന്ന് 30ലധികം സീരിയലുകളിലൂടെ തിമിര്‍ത്താടിയ കലാശാല ബാബു എന്ന നടന്‍ സിനിമയിലേക്ക് യാദൃശ്ചികമായി ക്ഷണിക്കപ്പെട്ടു. അഭിനയ മോഹവുമായി തന്നെ സമീപിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പോലും മടക്കി അയച്ച ചരിത്രം കൂടി കലാശാല ബാബുവിനുണ്ട്. 2002ല്‍ ലോഹിതദാസിന്റെ കസ്തൂരിമാനിലൂടെ പ്രേക്ഷകര്‍ വീണ്ടും ബാബുവിനെ തിരിച്ചറിഞ്ഞു. ആ സ്വരം, അഭിനയത്തിലെ അനായാസത ഒക്കെ ബാബുവിനെ സംവിധായകരുടെ ഇഷ്ടനാക്കി.
റണ്‍വേ, ബാലേട്ടന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, മല്ലുസിങ് തുടങ്ങിയ സിനിമകള്‍, ബാബുവിന്റെ കരിയറിലെ വന്‍ വിജയങ്ങളായിരുന്നു.
അഭിനയ സാമ്രാട്ടുകളായിരുന്നു മാതാപിതാക്കള്‍. ആ പാരമ്പര്യം ബാബു തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളിലും നിലനിര്‍ത്തി. തിലകനുശേഷം മലയാള അഭിനയത്തിന് മറ്റൊരു നക്ഷത്രം കൂടി അപ്രത്യക്ഷമായി.

RELATED STORIES

Share it
Top