കലാശാല ബാബുവിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച സുപ്രസിദ്ധ സിനിമാതാരം കലാശാല ബാബുവിന്റെ(68) സംസ്‌കാരം ഇന്ന് നടക്കും.  ഉച്ചയ്ക്ക് 12 മുതല്‍ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകീട്ട് ആറിന് തൃപ്പൂണിത്തുറ നഗരസഭാ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കലാശാല ബാബുവിന്റെ മകന്‍ അയര്‍ലന്‍ഡിലുള്ള വിശ്വനാഥ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃപ്പൂണിത്തുറയിലെത്തിച്ചേര്‍ന്നതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ . അമേരിക്കയിലുള്ള മകള്‍ ശ്രീദേവി, അച്ഛന് സുഖമില്ലാഞ്ഞതിനെ തുടര്‍ന്ന് നേരത്തേ തന്നെ നാട്ടില്‍ എത്തിയിരുന്നു. ലളിതയാണ് ഭാര്യ.
കഥകളി ആചാര്യന്‍ പത്മശ്രി കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെട്ടിരുന്ന കല്ല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദിയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.
1977ല്‍ ഇറങ്ങിയ 'ഇണയേ തേടി'യിലൂടെ സിനിമാ ലോകത്ത് എത്തിയെങ്കിലും തിളങ്ങാനായില്ല. തിരികെ നാടകലോകത്തേക്ക് മടങ്ങി കലാശാല എന്ന ട്രൂപ്പിന് തുടക്കമിട്ടു. പിന്നീട് ലോഹിതദാസിന്റെ കസ്തൂരിമാനിലെ പലിശക്കാരന്‍ ലോനപ്പനെ അനശ്വരമാക്കിയ ബാബു സിനിമയില്‍ നിറസാന്നിധ്യമാവുകയായിരുന്നു.  ബാലേട്ടന്‍, റണ്‍വേ, ലയണ്‍, തുറുപ്പ്ഗുലാന്‍ തുടങ്ങി 45ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.

RELATED STORIES

Share it
Top