കലാശപ്പോരില്‍ ഫ്രാന്‍സിന്റെ ചിരിയും കണ്ണീരും

മുമ്പ് രണ്ടു തവണ ഫൈനലില്‍ ബൂട്ടണിഞ്ഞ ഫ്രാന്‍സിന് ചിരിയുടെയും കരച്ചിലിന്റെയും ചരിത്രം പറയാനുണ്ട്. 1998ലാണ് ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ആതിഥേയരായ ഫ്രാന്‍സ് അന്ന് കിരീടം ചൂടിയാണ് ആ ഫൈനല്‍ പ്രവേശനം ആഘോഷിച്ചത്. ആദ്യ ഫൈനല്‍ പ്രവേശനത്തില്‍ കിരീടം ചൂടാന്‍ സാധിച്ചത് ഫ്രാന്‍സ് ആരാധകരെയും സന്തോഷിപ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബ്രസീലിനെ മൂക്കുകുത്തിച്ചാണ് അന്ന് ഫ്രാന്‍സ് സ്വര്‍ണ കിരീടത്തിന് അവകാശികളായത്.
1998ലെ ഫൈനല്‍ ഫ്രാന്‍സ് എന്നും സന്തോഷത്തോടെ ഓര്‍ക്കുമ്പോള്‍, ഫ്രഞ്ച് ആരാധകരുടെ കണ്ണീരിന്റെ കഥ പറഞ്ഞ ഒരു ഫൈനലായിരുന്നു 2006ലെ ലോകകപ്പില്‍ കണ്ടത്. ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഫൈനലിനായി ഫ്രാന്‍സ് കളത്തിലിറങ്ങിയപ്പോള്‍ എതിരാളികള്‍ പ്രബലരായ ഇറ്റലി. സിദാനിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കി ഫ്രാന്‍സ് ലീഡ് ചെയ്യുന്ന കാഴ്ച. എന്നാല്‍, മറ്റെരാസിയുടെ ഗോളില്‍ ഇറ്റലി തിരിച്ചുവന്നു. തുടര്‍ന്ന് ഗോള്‍ നേടാന്‍ സാധിക്കാതെ ഇരു ടീമുകളും കഷ്ടപ്പെടുന്ന കാഴ്ച. മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. എന്നാല്‍, ലീഡ് ഗോള്‍ നേടാന്‍ ആര്‍ക്കും സാധിച്ചില്ല. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ പത്ത് മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഫ്രാന്‍സിനു തിരിച്ചടി. തന്നെ പ്രകോപിപ്പിച്ച മറ്റെരാസിയെ തല കൊണ്ട് ഇടിച്ചുവീഴ്ത്തിയ സിനദിന്‍ സിദാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക്.
അവസാന മിനിറ്റില്‍ സിദാന്‍ ഗോളടിച്ച് ഫ്രാന്‍സിനെ കിരീടം ചൂടിക്കുമെന്ന് വിശ്വസിച്ചിരുന്ന ഫ്രഞ്ച് ആരാധകര്‍ ഗ്യാലറിയില്‍ പൊട്ടിക്കരഞ്ഞു. മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. സിദാന്‍ കാണിയായി പുറത്തും. ഫ്രാന്‍സിന്റെ രണ്ടാം കിക്ക് പാഴാകുന്നു. ഫ്രഞ്ച് ആരാധകര്‍ തലയില്‍ കൈവച്ചു. 'സിദാന്‍ കളത്തിലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു...' ആരാധകരുടെ കണ്ഠമിടറി. ഒടുവില്‍ 5നെതിരേ 3 ഗോളുകള്‍ക്ക് സിദാന്റെ ഫ്രാന്‍സ് പരാജയം സമ്മതിച്ചു. ചുണ്ടോടടുത്ത കിരീടം ഫ്രാന്‍സിന് കൈവിട്ടുപോവുകയായിരുന്നു.

RELATED STORIES

Share it
Top