കലാലയങ്ങളില്‍ ശാന്തിയുണ്ടാവണമെങ്കില്‍

കെ എ മുഹമ്മദ് ഷമീര്‍
കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാജാസ് കോളജിനു പിന്‍വശം പുറത്ത് നവാഗതരെ സ്വാഗതം ചെയ്യാനുള്ള പ്രചാരണങ്ങളുടെ ഭാഗമായി മതില്‍ എഴുതുന്നതിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്. പ്രതിസ്ഥാനത്ത് കാംപസ് ഫ്രണ്ട് എന്ന നവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാണെന്നു പോലിസ് പ്രാഥമികമായ നിഗമനം നടത്തുകയും കുറേ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരേ സ്വതന്ത്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ഏറ്റവും പ്രശസ്തമായ കോളജാണ് മഹാരാജാസ്. ഏതു വിദ്യാര്‍ഥിയും വിദ്യാര്‍ഥി സംഘടനയും തങ്ങള്‍ക്ക് ഇടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രപാരമ്പര്യമുള്ള കോളജ്. എന്നാല്‍, മറ്റൊരു വിദ്യാര്‍ഥി സംഘടനയെയും പ്രവര്‍ത്തിക്കാന്‍ വിടാത്ത കടുത്ത എസ്എഫ്‌ഐ കോട്ട കൂടിയാണ് മഹാരാജാസ്. പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ വേണ്ടി കാംപസ് ഫ്രണ്ട് മതിലിനു പുറത്ത് എഴുതിയതിനു മുകളില്‍ 'വര്‍ഗീയത തുലയട്ടെ' എന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഴുതി അലങ്കോലപ്പെടുത്തുകയും അവിടെയുണ്ടായിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ നശിപ്പിച്ചുകളയുകയും ചെയ്തു. പിന്നീട് രാത്രി വീണ്ടും മതില്‍ എഴുതാനും പോസ്റ്റര്‍ ഒട്ടിക്കാനും വന്ന കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയും ആക്രമിക്കുകയും ചെയ്തപ്പോള്‍ യദൃച്ഛയാ സംഭവിച്ചുപോയതാണ് കൊലപാതകമെന്നാണ് മനസ്സിലാവുന്നത്.
കാംപസുകളില്‍ നിലനില്‍ക്കുന്ന വിദ്യാര്‍ഥിരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരണമെങ്കില്‍ ചികില്‍സ ലഭിക്കേണ്ടത് രോഗത്തിനാണ്. അതായത്, കാംപസിലെ യഥാര്‍ഥ പ്രശ്‌നത്തെ തിരിച്ചറിയാനും അതു തിരുത്താനും സാധിക്കുന്നതിലൂടെ മാത്രം. ഇന്ന് കാംപസുകളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം എസ്എഫ്‌ഐയും അവര്‍ പുലര്‍ത്തുന്ന ഫാഷിസ്റ്റ് മനോഭാവവും തന്നെയാണ്. കേരളത്തില്‍ തങ്ങള്‍ക്കു ശക്തിയുള്ള ഒരു കാംപസിലും മറ്റൊരു വിദ്യാര്‍ഥി സംഘടനയെയും എസ്എഫ്‌ഐ നിലനില്‍ക്കാന്‍ അനുവദിക്കില്ല.
എറണാകുളം മഹാരാജാസ് കണ്ണൂരിലെ സിപിഎമ്മിന്റെ ഭീകരമായ പാര്‍ട്ടിഗ്രാമം പോലുള്ള പാര്‍ട്ടി കോളജ് ആണെന്നു മാത്രമല്ല, സാമൂഹികവിരുദ്ധരുടെ കേന്ദ്രം കൂടിയാണ്. അതിനെ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐയും. തങ്ങള്‍ക്കു താല്‍പര്യമില്ലാത്ത ആശയക്കാരെ കാലുകുത്താന്‍ പോലും എസ്എഫ്‌ഐ അനുവദിക്കാറില്ല. കാംപസ് ഫ്രണ്ടുകാരന്‍ ആയിരുന്നതുകൊണ്ട് ബിരുദ പ്രവേശനത്തിന് വന്ന അന്നുതന്നെ ഈയുള്ളവനും ഈ മനോഭാവത്തിന്റെ അനുഭവസ്ഥനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാവുന്ന ഇലക്ഷന്‍ ഫലമറിയാന്‍ പലപ്പോഴും മറ്റു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ നില്‍ക്കാറില്ല. കാരണം, ഫലം വരുമ്പോള്‍ ഹിതവും അവിഹിതവുമായ പല കാരണങ്ങള്‍ കൊണ്ട് എസ്എഫ്‌ഐ തന്നെ വിജയിക്കും. വിജയം ആഘോഷിച്ചുകൊണ്ടുള്ള പ്രകടനം മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന ഗ്വാ ഗ്വാ വിളിയാണ്. ഒളിച്ചുവച്ച ആയുധങ്ങള്‍ കൊണ്ട് മറ്റു സംഘടനാ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും അവരുടെ കൊടിമരം, ഫഌക്‌സ് മുതലായവ മുഴുവന്‍ നശിപ്പിക്കുകയും ചെയ്യുന്നത് സംഘടനയുടെ വിനോദമാണ്. ഇവിടെ എസ്എഫ്‌ഐയുടെ ഇടി കൊള്ളാത്ത മറ്റു സംഘടനാ നേതാക്കള്‍ ഉണ്ടാവുമോ എന്ന് സംശയമാണ്.
എസ്എഫ്‌ഐയുടെ ഒരു ആയുധപ്പുര കൂടിയാണ് മഹാരാജാസ് ഹോസ്റ്റല്‍. കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ ഹോസ്റ്റല്‍ അവധിയായതിനാല്‍ വിദ്യാര്‍ഥികളെ താമസിപ്പിച്ചിരുന്ന സ്റ്റാഫ് കോട്ടേജില്‍ നിന്ന് മാരകായുധങ്ങളായ വടിവാള്‍ പോലുള്ളവ പോലിസ് കണ്ടെടുത്തു. കേരളത്തിലെ സര്‍ക്കാര്‍ കാംപസ് ഹോസ്റ്റലുകളുടെ നിയന്ത്രണം നൂറുശതമാനം എസ്എഫ്‌ഐക്ക് ആയതുകൊണ്ടുതന്നെ ആയുധങ്ങള്‍ പിടിച്ചപ്പോള്‍ പ്രിന്‍സിപ്പലിനെ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. മയക്കുമരുന്ന്, റാഗിങ്, മദ്യപാനം ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് ഇവിടെ എസ്എഫ്‌ഐ തന്നെയാണ്.
മഹാരാജാസ് മോടിപിടിപ്പിക്കാന്‍ 2016ല്‍ അനുവദിച്ച ഫണ്ട് ചെലവഴിക്കാന്‍ പോലും എസ്എഫ്‌ഐ യൂനിറ്റ് ഇതുവരെ അനുവദിച്ചിട്ടില്ല. കോളജിനു മുന്നിലൂടെയോ എന്തെങ്കിലും ആവശ്യത്തിന് കോളജിന് അകത്തോ പ്രവേശിച്ചാല്‍ എസ്എഫ്‌ഐ വക പിരിവ് ഉറപ്പാണ്. നല്‍കിയില്ലെങ്കില്‍ മര്‍ദനം വരെ ഏല്‍ക്കേണ്ടിവരും. യുപിഎസ്‌സി പരീക്ഷ നടത്താന്‍ വന്ന ഉദ്യോഗസ്ഥന്റെ വാഹനം ഒരിക്കല്‍ തടഞ്ഞിട്ട് ജില്ലാ കലക്ടര്‍ ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. 2017 ജനുവരിയിലാണ് എസ്എഫ്‌ഐ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവമുണ്ടായത്.
അഭിമന്യു സെക്രട്ടറിയായ മഹാരാജാസ് കോളജിലെ എന്‍എസ്എസ് യൂനിറ്റില്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവന്ന ശാരീരികമായ മര്‍ദനങ്ങളെക്കുറിച്ചും മാനസികമായ പീഡനങ്ങളെക്കുറിച്ചും വിവരിച്ച് കെ വി ശഹാന എന്ന വിദ്യാര്‍ഥിനി രംഗത്തുവന്നത് ഒരു വര്‍ഷം മുമ്പാണ്. എന്‍എസ്എസ് ക്യാംപ് വിദ്യാര്‍ഥികള്‍ക്കു പേടിസ്വപ്‌നമാണ്. ക്യാംപുകളില്‍ മദ്യപാനവും പുകവലിയും ജൂനിയര്‍ വിദ്യാര്‍ഥികളെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സമ്മതിക്കാതെ മുറിയില്‍ അടച്ചിടുന്നതും അസഭ്യം പറയുന്നതും പതിവ് കലാപരിപാടി.
തങ്ങള്‍ക്കു വോട്ട് ചെയ്യുന്നവരെ മാത്രമേ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വോട്ട് ചെയ്യാന്‍ എസ്എഫ്‌ഐ അനുവദിക്കൂ. അതേ കോളജില്‍ തങ്ങളെ എസ്എഫ്‌ഐ പഠിക്കാന്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞ് അമ്പതോളം പെണ്‍കുട്ടികള്‍ രംഗത്തുവന്നിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. കേരളത്തിലെ എല്ലാ വിദ്യാര്‍ഥി സംഘടനകളും ഈ കുട്ടിസഖാക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കേരളത്തിലെ കാംപസുകളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ 99 ശതമാനവും ഒരുവശത്ത് എസ്എഫ്‌ഐ തന്നെയാണ്.
2005ല്‍ രൂപീകരിക്കപ്പെട്ട കാംപസ് ഫ്രണ്ട് കലാലയങ്ങളില്‍ എന്നും ആയുധംകൊണ്ടല്ല, ആശയംകൊണ്ട് സംവാദം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അല്‍പമെങ്കിലും അഭിമാനബോധമുള്ള വിദ്യാര്‍ഥി സംഘങ്ങള്‍ക്ക് എസ്എഫ്‌ഐയുള്ള കാംപസുകളില്‍ പ്രതിരോധിക്കാതെ നിലനില്‍ക്കാന്‍ കഴിയുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. അവിടെനിന്നാണ് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം എസ്എഫ്‌ഐ തങ്ങളുടെ ഫാഷിസ്റ്റ് പ്രവണത അവസാനിപ്പിക്കുക എന്നതാണ്; അല്ലാതെ, നവ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് തീവ്രവാദ മുദ്ര നല്‍കുന്നതല്ല.                        ി

(കാംപസ് ഫ്രണ്ട് മുന്‍ സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍.)

RELATED STORIES

Share it
Top