കലാമണ്ഡലത്തിലെ രംഗകലാ മ്യൂസിയം നോക്കുകുത്തിയായി

ചെറുതുരുത്തി: ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ പണി പൂര്‍ത്തീകരിച്ച രംഗകലാ മ്യൂസിയം നോക്കുകുത്തിയായി. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു നടപടിയെടുക്കേണ്ട അധികൃതര്‍ നിസംഗത തുടരുകയാണെന്ന് ആക്ഷേപം.2011ലാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ രംഗകലാ മ്യൂസിയത്തിന്റെ തറക്കല്ലിട്ടത്.
മ്യൂസിയത്തില്‍ ആരംഭിക്കേണ്ട ഇലക്ട്രോണിക് സംവിധാനങ്ങള്‍ പൂര്‍ണമല്ല എന്ന കാരണമാണ് ഉദ്ഘാടനം നടത്താത്തതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ആറു കോടിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ടെന്നും അധികൃതര്‍ പറയുന്നു. ബാംഗഌര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് മ്യൂസിയത്തിന്റെ ഇലക്ട്രോണിക്‌സ് പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിത കെട്ടിടത്തില്‍ കലാമണ്ഡലത്തിലെ എല്ലാ കലാരൂപങ്ങളുടെയും വേഷങ്ങളും അനുബന്ധ സാമഗ്രികളും ക്രമീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഡിജിറ്റല്‍ ലൈബ്രറിയും,ഓഡിറ്റോറിയവും, കുട്ടികള്‍ക്കും ബിരുദധാരികള്‍ക്കും ആവശ്യമായ റിസര്‍ച് സൗകര്യങ്ങളും ഈ രംഗകലാമ്യൂസിയത്തില്‍ സജ്ജമാണ്. പുതിയ വൈസ് ചാന്‍സിലര്‍ ചുമതലയേറ്റിട്ടും രംഗകലാ മ്യൂസിയത്തിന്റെ കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇത്രയും കാലമായി പണികള്‍ പൂര്‍ത്തീകരിച്ച് കിടക്കുന്ന മ്യൂസിയം കുട്ടികള്‍ക്ക് ഉപയോഗപ്രദമാക്കാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

RELATED STORIES

Share it
Top