കലാഭവന്‍ മണി കീഴാളന്റെ സ്വപ്‌നങ്ങള്‍ പുനരുജ്ജീവിപ്പിച്ച കലാകാരന്‍: കമല്‍

ചാലക്കുടി: അടിച്ചമര്‍ത്തപ്പെട്ട കീഴാളന്റെ സ്വപ്‌നങ്ങളെ പുനരുജ്ജീവിപ്പിച്ചതിലൂടെ  മണിയുടെ കഥാപാത്രങ്ങള്‍ മലയാള മനസുകളില്‍ എക്കാലത്തും നിറഞ്ഞുനില്‍ക്കുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.
കലാഭവന്‍ മണിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്   നഗരസഭയും കലാഭവന്‍ മണി സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയും കലാരൂപങ്ങളും അവശ ജനവിഭാഗത്തില്‍ നിന്നും അറ്റമില്ലാതെ അകന്നുപോയ കാലഘട്ടത്തിലായിരുന്നു മണിയുടെ രംഗപ്രവേശം.വൈവിധ്യമാര്‍ന്ന വൈഭവങ്ങളിലൂടെ ചാലക്കുടിക്കാരന്‍ മണി അതു അഭ്രപാളികളില്‍ തിരികെകൊണ്ടു വരുമ്പോള്‍ പൊതു സമൂഹം ഇരുകൈയും നീട്ടി അവയെ മാറോടു ചേര്‍ത്തു. കമല്‍ പറഞ്ഞു.
വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ബി ഡി ദേവസി എംഎല്‍എ അധ്യക്ഷനായി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ ബ്രോഷറും വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ ഡെലിഗേറ്റ് പാസും പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ ശശിധരന്‍, കുമാരി ബാലന്‍, സംവിധായകന്‍ സുന്ദര്‍ദാസ് കോഡിനേറ്റര്‍ യു എസ് അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ ബി സുനില്‍കുമാര്‍, പി എ സുഭാഷ് ചന്ദ്രദാസ്, പി എം ശ്രീധരന്‍, എം എം ഷക്കീര്‍,വി ജെ ജോജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ഒമ്പതു ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിര്‍മാല്യം, ചായില്യം എന്നീ രണ്ടു മലയാള സിനിമകളും ഇതില്‍പ്പെടും.

RELATED STORIES

Share it
Top