കലാപക്കേസുകള്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍, ഷാമിലി എന്നിവിടങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം നടത്തിയ വര്‍ഗീയകലാപങ്ങളുമായി ബന്ധപ്പെട്ട 131 കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 13 കൊലകളും 11 കൊലപാതകശ്രമവും അടക്കം ഏഴു വര്‍ഷമോ അതില്‍ കൂടുതലോ തടവ് ലഭിക്കാവുന്ന ഗൗരവമുള്ള കേസുകളും ഇതില്‍ ഉള്‍പ്പെടും.
മുസഫര്‍നഗറിലെയും ഷാമിലിയിലെയും ഖാപ് നേതാക്കള്‍, മുസഫര്‍നഗര്‍ എംപിയും കലാപക്കേസില്‍ പ്രതിയുമായിരുന്ന കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്‍ എന്നിവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. സഞ്ജീവ് ബല്യാണിനു പുറമെ ബുധാന എംഎല്‍എ ഉമേഷ് മല്ലിക്, യോഗി മന്ത്രിസഭയില്‍ അംഗമായ സുരേഷ് റാണ, സര്‍ധാന എംഎല്‍എ സംഗീത് സോം അടക്കം പ്രതികളായ കേസുകളാണ് പിന്‍വലിക്കുന്നത്. കലാപത്തില്‍ ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജീവ് ബല്യാണ്‍ വ്യക്തമാക്കി. സ്വന്തം മണ്ഡലമായിരുന്ന ഗോരഖ്പൂരില്‍ 2007ല്‍ നടന്ന കലാപത്തില്‍ പ്രതിയായിരുന്ന യോഗിക്കെതിരായ കേസുകള്‍ നേരത്തേ പിന്‍വലിച്ചത് വിവാദമായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2013 സപ്തംബറിലാണ് മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മുസഫര്‍നഗറിലും ഷാമിലിയിലും സംഘപരിവാരം കലാപം അഴിച്ചുവിട്ടത്. സംഭവത്തില്‍ 62 പേര്‍ മരിക്കുകയും നൂറുകണക്കിനു പേര്‍ക്കു പരിക്കേല്‍ക്കുകയും 50,000ഓളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
മുസഫര്‍നഗര്‍, ഷാമിലി ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ കലാപങ്ങളുമായി ബന്ധപ്പെട്ട് ആകെ 1,455 പേര്‍ക്കെതിരേ 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 850 സംഘപരിവാര പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ട 179 കേസുകള്‍ പിന്‍വലിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് സഞ്ജീവ് കുമാര്‍ ബല്യാണ്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞമാസം 23ന് സംസ്ഥാന നിയമവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുസഫര്‍നഗര്‍, ഷാമിലി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് കത്തയച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ ഈ കത്തുകള്‍ ജില്ലാ പോലിസ് മേധാവികള്‍ക്കു കൈമാറിയിട്ടുണ്ട്.
അതേസമയം, വാര്‍ത്ത റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശ് നിയമവകുപ്പ് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍, കേസ് പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് കത്തയച്ച കാര്യം നിയമവകുപ്പ്  സ്ഥിരീകരിച്ചിട്ടുണ്ട്.
ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന 13 കൊലപാതക കേസുകള്‍, 11 കൊലപാതകശ്രമ കേസുകള്‍, ചുരുങ്ങിയത് ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ഐപിസി 153 എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരമുള്ള 16 കേസുകള്‍, 295എ (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമുള്ള രണ്ടു കേസുകള്‍ തുടങ്ങിയവ പിന്‍വലിക്കുന്നവയുടെ കൂട്ടത്തിലുണ്ട്.

RELATED STORIES

Share it
Top