കലാഗ്രാമത്തെ യുജിസി അംഗീകൃത ഗവേഷണ കേന്ദ്രമാക്കും: മന്ത്രികണ്ണപുരം:  കേരളത്തിന് മാതൃകയായ നാടന്‍ കലാഗ്രാമത്തെ യുജിസി അംഗീകാരമുള്ള പഠന-ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി എ കെ ബാലന്‍. തൃക്കോത്ത് നാടന്‍കലാഗ്രാമത്തിന്റെ ഭാഗമായി ടി വി രാജേഷ് എംഎല്‍എയുടെ ഫണ്ടില്‍നിന്നുള്ള 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്രധാനവേദിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലാപഠന കേന്ദ്രം, ഡോക്യുമെന്റേഷന്‍ സംവിധാനം, മ്യൂസിയം എന്നിവയ്ക്കു പുറമെ, നാടന്‍ ഭക്ഷ്യവിഭവങ്ങളുടെയും കൈവേലകളുടെയും കളിമണ്‍ പാത്ര ശില്‍പങ്ങളുടെയും പ്രോല്‍സാഹനത്തിനുള്ള പദ്ധതികളും ആരംഭിക്കും. ഫോക്‌ലോര്‍ അക്കാദമിയും സാംസ്‌കാരിക വകുപ്പും ഇതിനുള്ള സഹായങ്ങള്‍ നല്‍കും. പാരമ്പര്യ കലകളുടെ ഈറ്റില്ലമായ വടക്കന്‍ കേരളത്തില്‍ അവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമായി നടക്കുന്ന ശ്രമങ്ങള്‍ ആശാവഹമാണ്. തെയ്യവും തിറയും പൂരക്കളിയും മറത്തുകളിയും ഒപ്പനയും മാപ്പിളപ്പാട്ടും കളരിയും ഉള്‍പ്പെടെ നിരവധി കലാപൈതൃകം അവകാശപ്പെടാവുന്ന കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ച കലാഗ്രാമം പദ്ധതി മറ്റു ജില്ലകള്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ വി രാമകൃഷ്ണന്‍, കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍, സെക്രട്ടറി ഡോ. എ കെ നമ്പ്യാര്‍, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, കെ പി വിനോദ് സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസീദ ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടും കലാപരിപാടികളും അരങ്ങേറി.

RELATED STORIES

Share it
Top