കലാകിരീടം 12ാം തവണയും കോഴിക്കോടിന്

പി  എച്ച്  അഫ്‌സല്‍

തൃശൂര്‍: പൂരങ്ങളുടെ നാട്ടില്‍ കലാപൂരം കൊടിയിറങ്ങി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവ കിരീടം വീണ്ടും കോഴിക്കോടിന്. തുടര്‍ച്ചയായി 12ാം വര്‍ഷമാണ് കോഴിക്കോട് കപ്പ് സ്വന്തമാക്കുന്നത്. 899 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം. 893 പോയിന്റോടെ പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 865 പോയിന്റുള്ള കണ്ണൂരാണ് നാലാം സ്ഥാനത്ത്. ആതിഥേയരായ തൃശൂര്‍ 864 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
അടുത്ത വര്‍ഷം ആലപ്പുഴയില്‍ സംഗമിക്കാമെന്നു പറഞ്ഞ് കലാകൗമാരം ഉപചാരം ചൊല്ലി പിരിഞ്ഞു. 12 തവണ സ്വര്‍ണ കിരീടം ചൂടിയ കോഴിക്കോട് ഒരു തവണ മാത്രമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. 2015ല്‍ പാലക്കാടും കോഴിക്കോടും ഒരേ പോയിന്റ് നേടി. എന്നാല്‍, മൂന്നാം തവണയാണ് പാലക്കാടിനു കിരീടം നഷ്ടമാകുന്നത്. 2004 മുതലാണ് കോഴിക്കോടിന്റെ തുടര്‍ച്ചയായ കിരീടനേട്ടം. 1991, 1992, 1993 എന്നീ വര്‍ഷങ്ങളില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയും കോഴിക്കോട് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
ഏറ്റവുമധികം അപ്പീല്‍ ലഭിച്ചത് ഈ വര്‍ഷത്തിലാണ്. ഇത് ഒഴിവാക്കാന്‍ വരുന്ന വര്‍ഷം മുതല്‍ അപ്പീലുകള്‍ അനുവദിക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.
വ്യാജ അപ്പീലുകളും ഈ വര്‍ഷം ലഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിനു സമാനമായി നേരത്തേ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകിയാണ് പരിപാടികള്‍ തുടങ്ങിയതും പൂര്‍ത്തിയായതും. നേരം പുലരും വരെ ചമയമണിഞ്ഞു കാത്തിരിക്കുന്ന മല്‍സരാര്‍ഥികള്‍ കലോല്‍സവ നഗരിയിലെ ദുരിതക്കാഴ്ചയായി. നൂറുകണക്കിനു മല്‍സരാര്‍ഥികളാണ് വിവിധ വേദികളില്‍ തളര്‍ന്നുവീണത്.

RELATED STORIES

Share it
Top