കലക്ടറേറ്റ് കാംപസില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി തുടങ്ങി

കാക്കനാട്: കലക്ടറേറ്റ് കാംപസില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരേ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടി തുടങ്ങി. കാംപസിനകത്ത് എത്തുന്ന വാഹനങ്ങള്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍  പാര്‍ക്ക് ചെയ്യുന്നതിനെതിരേയാണ് നടപടി. അത്തരം വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ് പതിക്കും. ശേഷം വാഹനത്തിന്റെ ഫോട്ടോ എടുത്ത് തെളിവിനായി സൂക്ഷിക്കും. നോട്ടീസ് പതിച്ചതിന്റെ കാരണവും  നോട്ടീസ് പതിച്ച ഉദ്യോഗസ്ഥന്റെ പേരും ഫോണ്‍ നമ്പരും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. 15 ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാതിരുന്നാല്‍ ചെയ്ത കുറ്റത്തിന് മോട്ടോര്‍ വാഹന നിയമം അനുസരിച്ച് നടപടിയെടുക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. അനധികൃത പാര്‍ക്കിങ് ചെയ്തതിന് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴ ചുമത്തും. അത്തരം വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്യും. അടുത്ത കാലത്താണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം വാഹനങ്ങളില്‍ നോട്ടീസ് പതിക്കുന്ന നടപടി തുടങ്ങിയത്. നേരത്തെ മുതല്‍ ട്രാഫിക് പോലിസ് സിറ്റിയില്‍ അനധികൃത പാര്‍ക്കിങ് ചെയ്യുന്ന വാഹനങ്ങളില്‍ മഞ്ഞ നോട്ടീസ് പതിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. കലക്ടറേറ്റ് വളപ്പില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കലക്ടറേറ്റിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. അവരാണ് അത്തരത്തില്‍ നിരോധിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ നോട്ടീസ് പതിക്കുന്നത്.

RELATED STORIES

Share it
Top