കലക്ടറേറ്റില്‍ 15 മുതല്‍ പഞ്ചിങ്

പാലക്കാട്: ജില്ലാ കലക്ടറേറ്റില്‍ ഒക്ടോബര്‍ 15മുതല്‍ പഞ്ചിങ് സംവിധാനം ആരംഭിക്കുമെന്ന് എഡിഎം ടി വിജയന്‍ അറിയിച്ചു. കലക്ടറേറ്റിലെ വിവിധ സെക്ഷനുകളിലാണ് ആദ്യഘട്ടത്തില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്. ജീവനക്കാരുടെ ഡാറ്റകള്‍ പഞ്ചിങ് മെഷീനുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. കലക്ടറേറ്റിലെ ഡാറ്റാ സെന്ററിനാണ് ഇതിന്റെ ചുമതല. ഇതിനോടകം 193 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ബന്ധിപ്പിച്ചു.
കലക്ടറേറ്റില്‍ 210ലധികം ഉദ്യോഗസ്ഥര്‍ ഉണ്ട്. ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവയുപയോഗിച്ചാണ് പഞ്ചിങ് മെഷീനുമായി ബന്ധിപ്പിക്കുന്നത്. ഇപ്പോള്‍ രണ്ടു മെഷീന്‍ ഉപയോഗിച്ച് പഞ്ചിങ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചു മെഷീനുകള്‍ കൂടി ആവശ്യപ്പെട്ട് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ ജീവനക്കാര്‍ ഓഫിസില്‍ വരുമ്പോഴും പോവുമ്പോഴും കൃത്യമായി പഞ്ചിങ് ചെയ്യണം. ഇന്‍ പഞ്ച് രേഖപ്പെടുത്തി മൂന്നു മണിക്കൂറിനകം ഔട്ട് പഞ്ച് രേഖപ്പെടുത്താനാവില്ല. മാസത്തില്‍ 180 മിനുട്ട് ഗ്രേസ് ടൈം അനുവദിച്ചിട്ടുണ്ട്.
ഗ്രേസ് ടൈം പരിധി അവസാനിച്ചു കഴിഞ്ഞാല്‍ 3 തവണ താമസിച്ച് പഞ്ച് ചെയ്യുന്നതോ (ലേറ്റ് എന്‍ട്രി) അല്ലെങ്കില്‍ നേരത്തെ പോവുന്നതോ (ഏര്‍ലി എക്‌സിറ്റ്) ഒരു കാഷ്വല്‍ ലീവായി പരിഗണിക്കും. രാവിലെ 10മുതല്‍ 5വരെ ഏഴുമണിക്കൂറാണ് ജോലി സമയം. ദിവസ വേതനം, കരാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് പഞ്ചിങ് ചെയ്യേണ്ടതില്ല. ഓഫിസ് മേലധികാരികള്‍ക്കാണ് ഇവരുടെ ഹാജര്‍ പരിശോധിക്കാനുള്ള ചുമതല.
സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിലെ ജില്ലാ ഓഫിസുകളില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ചുമതല അതത് വകുപ്പുകള്‍ക്കാണ്. കോടതിയിലും 58ലധികം ജില്ലാ ഓഫിസുകളിലുമായി 3500 ലധികം ജീവനക്കാര്‍ സിവില്‍ സ്റ്റേഷന്‍ സ്റ്റേഷനിലും പരിസരത്തുള്ള ഓഫിസുകളിലും ജോലി ചെയ്യുന്നുണ്ട്. ജില്ലയിലെ താലൂക്കുകളിലും ആര്‍ഡിഒ ഓഫിസിലും നവംബര്‍ 15ഓടെ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തും. ഡിസംബര്‍ 15നകം മുഴുവന്‍ വില്ലേജുകളിലും പഞ്ചിങ് ഏര്‍പ്പെടുത്തും.

RELATED STORIES

Share it
Top