കലക്ടറേറ്റിലെ മൂന്നാംനിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് ലോട്ടറി ഓഫിസ് മാറ്റാന്‍ അനുമതി

തൃശൂര്‍: മുറവിളികള്‍ക്കൊടുവില്‍ കളക്‌ട്രേറ്റിലെ മൂന്നാം നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് ജില്ലാ ലോട്ടറി ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ അനുമതി. ഭിന്നശേഷിക്കാരടക്കമുള്ള ലോട്ടറി തൊഴിലാളികള്‍ക്ക് സമാശ്വാസം പകരുന്നതാണ് നടപടി.
കളക്‌ട്രേറ്റില്‍ നിന്നു കോടതികളെല്ലാം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറിയിട്ടും ഏറെ നാളായി ഈ മുറികള്‍ അടഞ്ഞു കിടക്കുകയായിരുന്നു. കോടതി മുറികളുടെ താക്കോ ല്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറാന്‍ നിയമപാലകര്‍ വിമുഖത പുലര്‍ത്തുന്നതു മൂലമാണ് പഴയ കോടതി മുറികള്‍ മറ്റ് ഓഫീസുകള്‍ക്ക് അനുവദിക്കാതിരുന്നത്. ലക്ഷങ്ങള്‍ വാടക കൊടുത്ത് സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ കളക്‌ട്രേറ്റിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള അനുമതി തേടി കാത്തിരിക്കുകയാണെന്ന് തേജസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പ്രഥമ പരിഗണന ജില്ലാ ലോട്ടറി ഓഫീസിനായിരുന്നു. നിലവില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസില്‍ നിന്നാണ് അന്ധരായവരും ഭിന്നശേഷിക്കാരായവരും വയോധികരുമെല്ലാം ലോട്ടറി വാങ്ങിയിരുന്നത്.
ശാരീരിക വൈകല്യങ്ങള്‍ അവഗണിച്ച് രണ്ടാംനില കയറിയിറങ്ങി വേണം ഇക്കൂട്ടര്‍ക്ക് ഉപജീവനമാര്‍ഗത്തിനുള്ള ലോട്ടറി വാങ്ങുവാന്‍. വിഷയം കളക്ടറായിരുന്ന ഡോ.കൗശികന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് നടപടികള്‍ വേഗത്തിലായത്. ജില്ലാ ജഡ്ജിയില്‍ നിന്നു കോടതിയുടെ താക്കോല്‍ ലഭ്യമാക്കിയ ശേഷം ആസൂത്രണ ഭവനു സമീപമുള്ള വഞ്ചികോടതി എന്നറിയപ്പെടുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ലോട്ടറി ഓഫീസിനു വേണ്ടി അനുവദിക്കുകയായിരുന്നു.
ലോട്ടറി ഓഫീസിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും കാരുണ്യ ബെനവലന്റ് സ്‌കീമനുസരിച്ചെത്തുന്ന രോഗികള്‍ക്കും വയോധികര്‍ക്കും സമാശ്വാസം പകരുന്ന നടപടിയാണിതെന്നും പുതിയ ഓഫീസ് ക്രമീകരിക്കാനാവശ്യമായ നടപടികള്‍ തുടര്‍ന്നു വരികയാണെന്നും ജില്ലാ ലോട്ടറി ഓഫീസര്‍ പി എസ് ഗോപി പറഞ്ഞു. ലോട്ടറി ഓഫീസിനേയും കാരുണ്യ പദ്ധതിയേയും ക്ഷേമനിധി ഓഫീസിനേയും ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹമാകുന്നതു പോലെ കയറ്റിറക്കു തൊഴിലാളികള്‍ക്കും പുതിയ സംവിധാനം ഉപകാരപ്രദമായേക്കും.
കയറ്റിറക്കു കൂലിയില്‍ മാത്രം ഇതുപ്രകാരം പ്രതിവര്‍ഷം ലക്ഷങ്ങള്‍ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ജില്ലാ ഇന്‍ഷൂറന്‍സ് ഓഫീസ്, ജില്ലാ ഫോറം ഓഫീസ്, അസിസ്റ്റന്റ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ഫാക്ടറീസ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ഹോമിയോ മെഡിക്കല്‍ ഓഫീസ്, ഭൂജല വകുപ്പ് ഓഫീസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഓഫീസ് എന്നിങ്ങനെയുള്ള 25 ഓഫീസുകള്‍ക്കാണിവിടെ സ്ഥലം അനുവദിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top