കലക്ടറുമായുള്ള ചര്‍ച്ച പരാജയം; സമരം തുടരും സുല്‍ത്താന്‍

ബത്തേരി: ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക്. വടക്കനാട് പ്രദേശത്തെ വനൃമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരമവസാനിപ്പിക്കുന്നതാനായുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമായി കലക്ടര്‍ എസ് സുഹാസ് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ സമരപ്പന്തലിലെത്തി സമരക്കാരുമായി സംസാരിച്ചു.
ഇവരല്ലാതെ സമരപ്പന്തലില്‍ വച്ച് വേറെയാരും കലക്ടറോട് സംസാരിച്ചിരുന്നില്ല. പിന്നീട് സമീപത്തെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ വച്ച് സമരസമിതിയുമായി നടത്തിയ  ചര്‍ച്ച പരാജയപ്പെട്ടു. വടക്കനാട് പ്രദേശങ്ങളിലെ വനൃമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക, കണ്ണൂര്‍ കേളകം മോഡല്‍ സോളാര്‍ ഫെന്‍സിങോടുകൂടിയ കല്‍മതില്‍ നിര്‍മിക്കുക, മന്ത്രിതല ചര്‍ച്ച ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ സമരസമിതി നേതാക്കള്‍ ഉന്നയിച്ചു. 27ന് തിരുവനന്തപുരത്ത് വനം, റവന്യൂമന്ത്രിമാരും ജില്ലയിലെ എംഎല്‍എമാരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്നും അതുവരെ സമരം അവസാനിപ്പിക്കണമെന്നുമുള്ള കലക്ടറുടെ ആവശ്യം സമരസമിതി നേതാക്കള്‍ തള്ളി.
ഗ്രാമസംരക്ഷണ സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ കാണിച്ച് സര്‍ക്കാരിന് വിശദ റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നു കലക്ടര്‍ അറിയിച്ചു. വടക്കനാട് പ്രദേശം സന്ദര്‍ശിക്കും. ഗ്രാമസംരക്ഷണ സമിതിയുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രൊജക്റ്റ് വിദഗ്ധരെ ഉള്‍പ്പെടുത്തി തയ്യാറാക്കും.
ഇതിന്റെ തുടര്‍നടപടികള്‍ നേരിട്ട് പരിശോധിക്കും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും പ്രകൃതിസംരക്ഷണ സമിതി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. 27നു ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ നിരാഹാരസമരം നിര്‍ത്തിവയ്ക്കണമെന്നു പോലിസ് അഭ്യര്‍ഥിച്ചു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറില്ലെന്നു സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top