കലക്ടറുടെ പരാതിപരിഹാര അദാലത്ത്: 90 പരാതികള്‍ തീര്‍പ്പാക്കി

തിരുവനന്തപുരം: ആറ്റിങ്ങല്‍ ബിറ്റിഎസില്‍ നടന്ന ജില്ലാ കലക്ടര്‍ ഡോ. കെ വാസുകിയുടെ പൊതുജന പരാതിപരിഹാര അദാലത്തില്‍ 90 പരാതികള്‍ തീര്‍പ്പാക്കി.  രാവിലെ 10ന് തുടങ്ങിയ അദാലത്ത് ബി സത്യന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അദാലത്തില്‍ പരിഗണിച്ചത്.  കലക്ടര്‍ പരാതിക്കാരുമായി സംസാരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഭവന പദ്ധതികള്‍, വായ്പ ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് അദാലത്തില്‍ പരിഗണിച്ച പരാതികളില്‍ അധികവും.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കലക്ടര്‍ പരിശോധിച്ചു.
അദാലത്തില്‍ പരിഹരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള റീസര്‍വേ, ദുരിതാശ്വാസനിധി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫിസ് കലക്ടര്‍ സന്ദര്‍ശിച്ചു.  തുടര്‍ന്ന് വില്ലേജ് ഓഫിസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഓഫിസുകളില്‍ അനധികൃതമായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അറിയിച്ചു.
ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ്, ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി, സബ് കലക്ടര്‍ കെ ഇമ്പശേഖര്‍, എഡിഎം വിആര്‍ വിനോദ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top