കലക്ടറും എംഎല്‍എയും ഇല്ല; കര്‍മസമിതി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി

മാഹി: നിര്‍ദിഷ്ട അഴിയൂര്‍-മാഹി ബൈപാസില്‍ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ റവന്യൂ വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് കര്‍മസമിതി നേതാക്കളും പ്രവര്‍ത്തകരും ഇറങ്ങിപ്പോയി.
വടകര ലാന്റ് അക്വിസിഷന്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്്ടര്‍ യു വി ജോസും സ്ഥലം എംഎല്‍എ സി കെ നാണുവും പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ചര്‍ച്ച ബഹിഷ്‌കരിച്ചത്.
ബൈപാസില്‍ അഴിയൂര്‍ ഭാഗത്തെ സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ക്കാണ് യോഗത്തിനെത്താന്‍ അറിയിപ്പ് നല്‍കിയിരുന്നത്. എംഎല്‍എയും കലക്്ടറും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ ഭൂവുടമകള്‍ യോഗത്തിന് എത്തിയപ്പോഴാണ് ഇവരാരും പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞത്.
തുടര്‍ന്ന് ലാന്റ് അക്വിസിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. യോഗം പ്രഹസനമാക്കിയെന്നും വിപണിവിലയും പുരധിവാസവും ഉറപ്പാക്കാതെ വീടും സ്ഥലവും വിട്ടുതരില്ലെന്നും കര്‍മസമിതി നേതാക്കളായ ആയിഷ ഉമര്‍, രാജേഷ് അഴിയൂര്‍, കെ പി ഫര്‍സല്‍, എം റാസിഖ് എന്നിവര്‍ പറഞ്ഞു.
തഹസില്‍ദാര്‍ ടി കെ സതീഷ് കുമാര്‍, അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ് എന്നിവരും യോഗത്തിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ അഴിയൂര്‍ ഭാഗത്തെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നതിനാലാണ് യോഗം വിളിച്ചത്. സമരം ശക്തമാക്കുമെന്ന് കര്‍മസമിതി നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top