കറുത്ത സ്റ്റിക്കര്‍ മുക്കത്തും; ജനങ്ങള്‍ ആശങ്കയില്‍

മുക്കം: ജനങ്ങളെ ആശങ്കയിലാഴ്ത്തി മുക്കത്തെ രണ്ട് വീടുകളിലെജനല്‍ ചില്ലില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മുക്കം പയ്യടി പറമ്പില്‍ സുജീഷ് എന്നയാളുടെ വീടിന്റെ ഇടതു ഭാഗത്തെ ജനല്‍ ചില്ലില്‍ കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത്. പൂളപ്പൊയില്‍ നീലേശ്വരം കുഴിപളളി തൊടിക കെ വി.സുപിഗളന്റെ വീടിന്റെ ജനല്‍ ചില്ലിലാണ് മറ്റൊന്ന്. മുക്കം പൊലിസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് മോഷണം നടത്താനും കുട്ടികളെ തട്ടിക്കൊണ്ടു പോകാനും ആണെന്ന പ്രചരണമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. വീടുകളുടെ ജനല്‍ ചില്ലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിക്കുന്നത് മോഷണം നടത്താനുള്ള അടയാളമായിട്ടാണ് ഇതിനെ ജനങ്ങള്‍ കാണുന്നത്. ഇതാണ് ജനങ്ങള്‍ക്കിടയിലെ ഭീതി വര്‍ധിക്കാന്‍ കാരണം. ഇതിനുപിന്നില്‍ സംസ്ഥാനത്ത് വലിയ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ടെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഐജിമാര്‍ പങ്കെടുത്ത ഉന്നതതല യോഗം ചേരുകയും ജനാലകളില്‍ കണ്ടെത്തിയ കറുത്ത സ്റ്റിക്കറുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി സന്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.

RELATED STORIES

Share it
Top