കര്‍ഷക സമരത്തിന്റെ പൊരുള്‍ഇന്ത്യ കര്‍ഷക രാജ്യമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ കാര്‍ഷിക മേഖലയുമാണ്. വ്യാവസായിക മേഖല അഭിവൃദ്ധിപ്പെട്ടുവെന്നും കാര്‍ഷിക മേഖലയിലുള്ളവര്‍ വ്യാവസായിക മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ടെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. കാര്‍ഷികവൃത്തി മാത്രമാണ് ജനതയുടെ ഭൂരിപക്ഷത്തിന്റെയും ആശ്രയം. കൃഷിക്കാരുടെ ക്ഷേമവും നിലനില്‍പ്പും തന്നെയാണ് രാജ്യത്തിന്റെ അടിസ്ഥാനം. ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ തകര്‍ച്ച കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടരുകയാണെന്നത് വസ്തുതയാണ്. മൂന്നു ലക്ഷത്തിലധികം കൃഷിക്കാരാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത ദുസ്ഥിതി മൂലം ഈ കാലഘട്ടത്തില്‍ ആത്മഹത്യയെ അഭയംപ്രാപിച്ചത്. ആഗോളവല്‍ക്കരണ നയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത് കൃഷിക്കാരെയാണ്. ഇറക്കുമതി ചെയ്ത കാര്‍ഷികോല്‍പന്നങ്ങള്‍ കമ്പോളം കൈയടക്കുമ്പോള്‍ ഇവിടത്തെ കര്‍ഷകര്‍ വിലത്തകര്‍ച്ചയുടെ കരാളഹസ്തത്തില്‍ അകപ്പെട്ട് നരകയാതന അനുഭവിക്കുകയാണ്. വന്‍ പ്രതിസന്ധിയിലാണ് നമ്മുടെ കൃഷിക്കാര്‍. ഈ ദുസ്ഥിതിക്ക് പരിഹാരം കാണാനാണ് ഉത്തരേന്ത്യയില്‍ കൃഷിക്കാര്‍ ഒരു വലിയ പ്രക്ഷോഭത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 1നാണ് മധ്യപ്രദേശില്‍ കര്‍ഷകപ്രക്ഷോഭം ആരംഭിച്ചത്. ജൂണ്‍ 6ന് മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകര്‍ക്കു നേരെ നടന്ന പോലിസ് വെടിവയ്പില്‍ മരിച്ചത് ആറ് കര്‍ഷകരാണ്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് തടയുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കൃഷിക്കാര്‍ക്കു പലിശരഹിത വായ്പ അനുവദിക്കുക, ന്യായവിലയ്ക്ക് വളവും കാര്‍ഷികോല്‍പന്നങ്ങളും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷക പ്രക്ഷോഭം പടര്‍ന്നുപിടിച്ചത്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സമരം ആളിപ്പടരുകയാണ്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രക്ഷോഭം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാത്തതുകൊണ്ട് അടുത്ത മാസം വീണ്ടും സമരം തുടങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ നോട്ട്‌നിരോധനവും കാലിച്ചന്ത നിരോധനവുമെല്ലാം പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിപ്പിച്ചിട്ടുണ്ട്. വളരെ തുച്ഛമായ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കൃഷിക്കാര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു. ഏറ്റവും ഒടുവില്‍ നടന്ന യുപിയിലെ തിരഞ്ഞെടുപ്പുകാലത്താണ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കൃഷിക്കാരുടെ വരുമാനം ഉയര്‍ന്നില്ലെന്നു മാത്രമല്ല, അത് താഴോട്ടുപോവുകയാണുണ്ടായത്. കൃഷിക്കാരുടെ അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരരംഗത്തു വന്ന യുപിയിലെ കര്‍ഷകരെ തൃപ്തിപ്പെടുത്താന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം തന്നെ. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരും കാര്‍ഷികകടം എഴുതിത്തള്ളാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ തീരുമാനങ്ങള്‍ക്കെതിരായി ശക്തമായ നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ അതിനുള്ള മുഴുവന്‍ ബാധ്യതയും സ്വയം വഹിക്കണമെന്നും ഇതിനായി സഹായധനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമല്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമൂലമുണ്ടാവുന്ന വന്‍ ബാധ്യത സംസ്ഥാനങ്ങള്‍ക്കു മാത്രമായി ഏറ്റെടുക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെയായിരിക്കും സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷികകടം എഴുതിത്തള്ളുന്ന കാര്യത്തില്‍ അറച്ചുനില്‍ക്കുന്നത്. കൃഷിക്കാരുടെ തകര്‍ച്ചയ്ക്ക് അടിസ്ഥാനകാരണം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാണ്. അതുകൊണ്ടുതന്നെ കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനായുള്ള നടപടികളുടെ സാമ്പത്തിക ബാധ്യത വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കടമയുണ്ട്. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ജനത അംഗീകരിക്കാന്‍ പോവുന്നില്ല. കര്‍ഷകന് സ്ഥായിയായ വരുമാനം ഉറപ്പാക്കാനാവുന്ന തരത്തില്‍ കാര്‍ഷികനയം പൊളിച്ചെഴുതാന്‍ കഴിയാത്തതാണ് കര്‍ഷകരോഷത്തിനു കാരണമെന്ന് തിരിച്ചറിയേണ്ട സമയമാണിത്. ഡോ. എം എസ് സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ കര്‍ഷകന് സ്ഥായിയായ വരുമാനം ഉറപ്പാക്കാന്‍ ഉതകുന്നതായിരിക്കും. പക്ഷേ, ഇവ നടപ്പാക്കുന്നതില്‍ തിരഞ്ഞെടുപ്പു വാഗ്ദാനത്തിനപ്പുറം പോവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കര്‍ഷകന് കടവും ഉല്‍പന്നത്തിനു ന്യായമായ വിലയും കിട്ടണം. മറ്റു വായ്പകളെപ്പോലെ കാര്‍ഷിക വായ്പയുടെ തിരിച്ചടവും 90 ദിവസം മുടങ്ങിയാല്‍ കിട്ടാക്കടമാവുന്ന നയം മാറ്റണം. റിസര്‍വ് ബാങ്കും സര്‍ക്കാരും കാര്‍ഷിക വായ്പയില്‍ ഉദാരമായ നയം സ്വീകരിക്കേണ്ടതുണ്ട്. സമയത്തിന് ഉല്‍പന്നങ്ങള്‍ സംഭരിക്കാനും താങ്ങുവില ഉറപ്പാക്കാനും കേന്ദ്രം നടപടികള്‍ പ്രഖ്യാപിക്കണം. താല്‍ക്കാലിക ആശ്വാസപ്രഖ്യാപനങ്ങള്‍ക്കു മാത്രം മുതിരാതെ രാജ്യമൊട്ടുക്കും കാര്‍ഷികോല്‍പന്നങ്ങള്‍ സ്വീകരിക്കാനും ന്യായവിലയ്ക്കു സംഭരിക്കാനുമുള്ള ആധുനിക സംഭരണശാലകളുടെ ശൃംഖലയുണ്ടാവണം. കൃഷിചെയ്യാനുള്ള ചെലവ് കൂടാന്‍ ഇടയാക്കിയ നയങ്ങള്‍ ആകെ തിരുത്തണം. കൃഷിക്കാരന്റെ ഉപജീവനമാര്‍ഗങ്ങള്‍ വിപുലപ്പെടുത്താനുള്ള നടപടികള്‍ വേണം. മധ്യപ്രദേശില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പിലല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവസാനമത് അംഗീകരിക്കാന്‍ ആഭ്യന്തരമന്ത്രി തന്നെ നിര്‍ബന്ധിതനായി. സമരം അക്രമാസക്തമാവുന്നത് സാമൂഹികവിരുദ്ധരുടെ ഇടപെടല്‍ മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ കാണിക്കുന്ന വ്യഗ്രത രാജ്യത്തെ കര്‍ഷകജനത സാമൂഹികവിരുദ്ധരാണെന്ന് മുദ്രകുത്തുന്നതിന് തുല്യമാണ്. കര്‍ഷകരുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ ഇടപെടലും പിന്തുണയും അനുവദിക്കില്ലെന്നുമുള്ള ബിജെപി ഭരണകൂടങ്ങളുടെ നിലപാട് പ്രക്ഷോഭാന്തരീക്ഷം കൂടുതല്‍ വഷളാക്കാന്‍ മാത്രമേ സഹായിക്കൂ. കടം ഭാഗികമായി എഴുതിത്തള്ളാനുള്ള തീരുമാനം കൊണ്ടു മാത്രം പ്രക്ഷോഭം അവസാനിക്കാന്‍ പോവുന്നില്ല. കര്‍ഷകലക്ഷങ്ങള്‍ക്കു വേണ്ടിയുള്ള കാര്യമായ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നാല്‍ മാത്രമേ സമരത്തിന് അന്ത്യം കാണാന്‍ സാധിക്കൂ. അതിനു കഴിയണമെങ്കില്‍ ഇനിയും കൃഷിക്കാരുടെ പ്രക്ഷോഭം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള കര്‍ഷകനയത്തില്‍ അടിസ്ഥാനപരമായി മാറ്റം വരുത്താനുള്ള വന്‍ പ്രക്ഷോഭങ്ങള്‍ ഇനിയും ശക്തിപ്പെടാന്‍ പോവുകയാണ്. ഹ്രസ്വകാല വായ്പകളുടെ പലിശയ്ക്കു സബ്‌സിഡി നല്‍കാനുള്ള തീരുമാനം പ്രധാനമന്ത്രി എടുത്തിട്ടുണ്ട്. എന്നാല്‍, കര്‍ഷകരുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ വിലയിരുത്താനും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ തീരുമാനമെടുക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. അതിനു പകരം പ്രക്ഷോഭം പ്രതിപക്ഷസൃഷ്ടിയാണെന്ന് ആരോപിച്ചും കര്‍ഷകര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ചും പ്രശ്‌നങ്ങളെ മറികടക്കാനാണ് നോക്കുന്നത്. മെയ് അവസാനം വരെ മഹാരാഷ്ട്രയില്‍ 181 കര്‍ഷകര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. വിളകളുടെ വിലയിടിവും വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷിയില്ലായ്മയും അവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. മുന്‍ സര്‍ക്കാരിനെപ്പോലെ മോദി സര്‍ക്കാരും എം എസ് സ്വാമിനാഥന്‍ റിപോര്‍ട്ടിന്‍മേല്‍ നടപടി വച്ചുതാമസിപ്പിക്കുകയാണ്. പ്രതിസന്ധി മൂര്‍ച്ഛിച്ച് കര്‍ഷകര്‍ ജീവത്യാഗം ചെയ്യുകയും തെരുവിലിറങ്ങി വിളിച്ചുണര്‍ത്തുകയും ചെയ്തപ്പോഴാണ് അധികൃതര്‍ പ്രശ്‌നത്തെപ്പറ്റി ആലോചിക്കാന്‍ തുടങ്ങിയത്. കടം എഴുതിത്തള്ളുന്നത് ധനക്കമ്മി വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകബാങ്കും സമാന കേന്ദ്രങ്ങളും അതുതന്നെയാണ് പറയുന്നത്. അതേസമയം, കര്‍ഷക വായ്പയേക്കാള്‍ എത്രയോ കൂടുതല്‍ വരുന്നതാണ് കോര്‍പറേറ്റ് കടങ്ങള്‍. കര്‍ഷകകടം 12.6 ലക്ഷം കോടി രൂപയെങ്കില്‍ കോര്‍പറേറ്റ് കടം 28 ലക്ഷം കോടിയാണ്. കോര്‍പറേറ്റുകളുടെ കടം കിട്ടാക്കടമായി എഴുതുമ്പോഴോ എഴുതിത്തള്ളുമ്പോഴോ ധനക്കമ്മി പ്രശ്‌നം ആരും പറഞ്ഞുകേള്‍ക്കുന്നില്ല.

RELATED STORIES

Share it
Top