കര്‍ഷക സമരത്തിനിടെ പോലിസ് വെടിവയ്പ് ; അഞ്ചു മരണംഭോപാല്‍: മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ കര്‍ഷകസമരത്തിനു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചു. കര്‍ഷകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. എന്നാല്‍, സമരക്കാര്‍ക്കു നേരെ വെടിവയ്പ് നടത്തിയെന്ന വാര്‍ത്ത സംസ്ഥാന പോലിസ് നിഷേധിച്ചു. ആരാണു വെടിവയ്പ് നടത്തിയതെന്നോ എത്രപേര്‍ കൊല്ലപ്പെട്ടെന്നോ വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. അതേസമയം, ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ സമരം അക്രമാസക്തമായെന്നും തുടര്‍ന്നു പോലിസ് നടത്തിയ വെടിവയ്പിലാണ് കര്‍ഷകര്‍ മരിച്ചതെന്നും നിരവധി പേര്‍ക്കു പരിക്കേറ്റതായും ഉന്നത പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. എന്നാല്‍, കര്‍ഷകര്‍ മരിച്ചുവെന്ന റിപോര്‍ട്ട് മന്ദ്‌സൗര്‍ കലക്ടര്‍ എസ് കെ സിങ് നിഷേധിച്ചു.കടാശ്വാസം, ഉല്‍പന്നങ്ങള്‍ക്ക് ചുരുങ്ങിയ താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്നു മുതല്‍ പശ്ചിമ മധ്യപ്രദേശിലെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരുകയാണ്.  മന്ദ്‌സൗര്‍ ജില്ലയിലെ പിപല്യ മാണ്ടി പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതരഭാഗങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് തുടങ്ങിയ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റും റദ്ദാക്കി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചിരുന്നു. ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് 1000 കോടിയുടെ വിലസ്ഥിരതാ ഫണ്ടിന് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED STORIES

Share it
Top