കര്‍ഷക പ്രക്ഷോഭം പടരുന്നു ; കര്‍ഷക സംഘടനകളുടെ കൂട്ടായ്മ ഡല്‍ഹിയില്‍ യോഗം വിളിച്ചുന്യൂഡല്‍ഹി: മധ്യപ്രദേശിലെ മന്‍സോറിനു പിന്നാലെ കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി പടരുന്നു. പ്രക്ഷോഭം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കാനായി കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ കിസാന്‍സ് കോ-ഓഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച ഡല്‍ഹിയിലെ ഗാന്ധി പീസ് മിഷനില്‍ യോഗം വിളിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും കോ-ഓഡിനേഷന്‍ കമ്മിറ്റി ഉന്നയിക്കുന്നത്. കോണ്‍ഗ്രസ്സിന്റെയും ഇടതുകക്ഷികളുടെയും ഉള്‍പ്പെടെയുള്ള 50ലേറെ കര്‍ഷക സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും. രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കു മുന്നോടിയായി പൊതുമിനിമം പരിപാടി തയ്യാറാക്കുകയാണ് വെള്ളിയാഴ്ചത്തെ യോഗത്തിലെ പ്രധാന അജണ്ടയെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘ് നേതാവുമായ വി എം സിങ് പറഞ്ഞു. രാഷ്ട്രപതിസ്ഥാനാര്‍ഥിയെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി ഇന്നു ഡല്‍ഹിയില്‍ ചേരുന്ന പ്രതിപക്ഷനേതാക്കളുടെ യോഗവും കര്‍ഷകസമരത്തെക്കുറിച്ചു ചര്‍ച്ച ചെയ്യും. കര്‍ഷകരുടെ വിഷയത്തില്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്യുന്നതിനെക്കുറിച്ചു പ്രാഥമിക ചര്‍ച്ച നടന്നതായി സിപിഐ നേതാവ് ഡി രാജ പറഞ്ഞു. മധ്യപ്രദേശിനും രാജസ്ഥാനും പുറമെ ഛത്തീസ്ഗഡിലും ഹരിയാനയിലും കര്‍ഷകര്‍ ഇതിനകം പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.  ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ നാളെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബികെഎസ്) പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top