കര്‍ഷകര്‍ മഹാനഗരം വിട്ടു; പ്രതീക്ഷയോടെ

മുംബൈ: പ്രക്ഷോഭം അവസാനിപ്പിച്ച മഹാരാഷ്ട്ര കര്‍ഷകര്‍ പ്രതീക്ഷയോടെ മുംബൈയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്.
സിപിഎമ്മിന്റെ ആഭിമുഖ്യത്തിലുള്ള അഖില ഭാരതീയ കിസാന്‍ സഭയുടെ ബാനറിലാണ് 35,000ലേറെ കര്‍ഷകര്‍ അണിനിരന്നത്. കത്തുന്ന വെയിലിനെ വകവയ്ക്കാതെ നാസിക്കില്‍ നിന്നാണ് കര്‍ഷകര്‍ കാല്‍നടയാത്ര ആരംഭിച്ചത്. ആറ് ദിവസത്തെ യാത്രയ്‌ക്കൊടുവിലാണ് അവര്‍ നിയമസഭ വളയാന്‍ മുംബൈയിലെത്തിയത്. നഗരത്തില്‍ അവര്‍ക്ക് ഊഷ്മള സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും കര്‍ഷകരെ പിന്തുണച്ചു. നഗരവാസികള്‍ അവര്‍ക്ക് ഭക്ഷണം നല്‍കി. പലര്‍ക്കും ചെരിപ്പും നല്‍കി.
കര്‍ഷകരെ ഗ്രാമങ്ങളില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ രണ്ട് തീവണ്ടികള്‍ തയ്യാറാക്കിയിരുന്നു. മറ്റ് മാര്‍ഗങ്ങളിലും കര്‍ഷകര്‍ നാട്ടിലേക്ക് തിരിച്ചു. നാസിക് ജില്ലയില്‍ നിന്നുള്ള കര്‍ഷകരും ആദിവാസികളുമാണ് സര്‍ക്കാര്‍ ഒരുക്കിയ തീവണ്ടികളില്‍ യാത്ര തിരിച്ചതെന്ന് കിസാന്‍സഭ അധ്യക്ഷനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ അശോക് ധവാലെ അറിയിച്ചു.
സര്‍ക്കാരില്‍ നിന്നും ആനുകൂല്യം പറ്റുന്നത് ഉചിതമല്ലാത്തതിനാല്‍ എല്ലാ കര്‍ഷകരും ടിക്കറ്റെടുത്തിരുന്നു. മാര്‍ച്ച് 11ന് സിയോണിലെ സോമയ്യ മൈതാനത്ത് മാര്‍ച്ച് എത്തിയപ്പോള്‍ കര്‍ഷകരെ ദക്ഷിണ മുംബൈയിലേക്ക് കൊണ്ടുപോവുന്നതിന് 100 ബസ്സുകള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു.
പക്ഷേ, സര്‍ക്കാര്‍ ആനുകൂല്യം തങ്ങള്‍ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായ്പ എഴുതിത്തള്ളണമെന്നും വനാവകാശ നിയമം നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്.

RELATED STORIES

Share it
Top